എഴുതിത്തള്ളിയവര്‍ കയ്യടിക്കുന്നു; ഹെഡിങ്ലിയില്‍ പന്ത് കുറിച്ച അപൂര്‍വ റെക്കോര്‍ഡുകള്‍

ഹെഡിങ്ലി ടെസ്റ്റിന്‍റെ രണ്ട് ഇന്നിങ്സിലും പന്ത് സെഞ്ച്വറി കുറിച്ചിരുന്നു

എഴുതിത്തള്ളിയവര്‍ കയ്യടിക്കുന്നു; ഹെഡിങ്ലിയില്‍ പന്ത് കുറിച്ച അപൂര്‍വ റെക്കോര്‍ഡുകള്‍
dot image

റിഷഭ് പന്തിന്റെ കാര്യത്തിൽ എല്ലാം എത്ര പെട്ടെന്നാണ് മാറിമറിഞ്ഞത്. രണ്ടാഴ്ച മുമ്പ് വരെ ഐ.പി.എല്ലിൽ മോശം ഫോമിന്റെ പേരിൽ ആരാധകരുടെ തെറിവിളികള്‍ ഏറെ കേട്ടൊരാൾ. 27 കോടി എന്ന വലിയ തുക മുടക്കി സഞ്ജീവ് ഗോയങ്ക ലഖ്‌നൗ നിരയിലെത്തിച്ച പന്ത് അമ്പേ നിറം മങ്ങിയത് എങ്ങനെ ആരാധകരെ ചൊടിപ്പിക്കാതിരിക്കും. 14 മത്സരങ്ങളിൽ ആകെ 269 റൺസായിരുന്നു കഴിഞ്ഞ ഐ.പി.എല്ലിൽ പന്തിന്റെ സമ്പാദ്യം. 24 ബാറ്റിങ് ആവറേജ്. 133 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റൈറ്റ്.

റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ അവസാന മത്സരങ്ങളിലൊന്നിൽ നേടിയ സെഞ്ച്വറിയാണ് ആകെ ആശ്വസിക്കാനുണ്ടായിരുന്നത്. ലഖ്‌നൗ പ്ലേ ഓഫ് കാണാതെ പുറത്തായതോടെ പന്തിനെതിരായ വിമർശനങ്ങൾ ഉച്ചസ്ഥായിയിലെത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പും അയാളുടെ ഫോം സോഷ്യൽ മീഡിയയിൽ ഒരു ചർച്ചാ വിഷയമായിരുന്നു. എന്നാൽ ലീഡ്‌സിലെ ഹെഡിങ്‌ലി മൈതാനത്ത് രൂപവും ഭാവവും മാറിയ മറ്റൊരു പന്തിനെയാണ് ആരാധകർ കണ്ടത്. ഇംഗ്ലണ്ടിനെതിരെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി. അതും ഏകദിന ശൈലിയിൽ ബാറ്റ് വീശി.

ആദ്യ ഇന്നിങ്‌സിൽ 178 പന്തിൽ 134 റൺസെടുത്ത പന്ത് രണ്ടാം ഇന്നിങ്‌സിൽ 140 പന്തിൽ 118 റൺസാണ് അടിച്ചെടുത്തത്. ആദ്യ ഇന്നിങ്‌സിൽ 12 ഫോറുകളും ആറ് സിക്‌സും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നപ്പോൾ രണ്ടാം ഇന്നിങ്‌സിൽ 15 ഫോറുകളും മൂന്ന് സിക്‌സുമാണ് പന്ത് അടിച്ചെടുത്തത്. രണ്ട് ദിവസം കൊണ്ട് ടെസ്റ്റ് ക്രിക്കറ്റിലെ നിരവധിയനവധി റെക്കോർഡുകൾ പന്ത് തന്റെ പേരിൽ എഴുതിച്ചേർത്തു. നോക്കാം ഹെഡിങ്‌ലിയിൽ പന്ത് പിന്നിട്ട നാഴികക്കല്ലുകൾ.

ഇം​ഗ്ലീഷ് മണ്ണിൽ നാല് സെഞ്ച്വറികൾ നേടുന്ന ആദ്യ വിദേശ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. ഇം​ഗ്ലീഷ് വിക്കറ്റ് കീപ്പർമാരായ അലെക്സ് സ്റ്റെവാർട്ടും മാറ്റ് പ്രിയറും സ്വന്തം മണ്ണിൽ നാല് സെഞ്ച്വറികൾ കുറിച്ചിട്ടുണ്ട്. ഒരു സെഞ്ച്വറി കൂടെ നേടിയാൽ ഇം​ഗ്ലണ്ടിൽ ഏറ്റവും അധികം സെഞ്ച്വറികൾ കുറിക്കുന്ന വിക്കറ്റ് കീപ്പറെന്ന നേട്ടം പന്തിനെ തേടിയെത്തും.

1‍48 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ അപൂർവമായൊരു റെക്കോർഡ് പന്ത് ഇന്നലെ തന്‍റെ പേരിനൊപ്പം എഴുതിച്ചേർത്തു. ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി കുറിക്കുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പറാണ് റിഷഭ്. ഇതിന് മുമ്പ് 2001 ൽ സിംബാബ്‌വേ താരം ആന്റി ഫ്‌ളവർ മാത്രമാണ് ഇംഗ്ലണ്ടിൽ അരങ്ങേറിയ ഒരു മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി കുറിച്ചിട്ടുള്ളത്. ഇം​ഗ്ലീഷ് മണ്ണിൽ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരവും പന്താണ്.

രണ്ട് ഇന്നിങ്‌സുകളിലുമായി 252 റൺസാണ് ഹെഡിങ്‌ലിയിൽ പന്ത് അടിച്ചെടുത്തത്. ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവുമധികം റൺസ് കുറിക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടം ഇതോടെ പന്തിനെ തേടിയെത്തി. മറികടന്നത് 1964 ൽ ബുദ്ധിസാഗർ കൃഷ്ണപ്പ കുന്ദേരൻ കുറിച്ച 230 റൺസിന്റെ റെക്കോർഡ്. ഹെഡിങ്‌ലിയിലെ രണ്ടാം ഇന്നിങ്‌സിൽ തന്റെ കരിയറിലെ എട്ടാം സെഞ്ച്വറിയാണ് പന്ത് കുറിച്ചത്. വിക്കറ്റ് കീപ്പർ ബാറ്റർമാർക്കിടയിൽ സെഞ്ച്വറിപ്പട്ടികയിൽ മൂന്നാം സ്ഥാനം. മുകളിൽ ആദം ഗിൽക്രിസ്റ്റും ആന്റി ഫ്ലവറും മാത്രം.

ഒമ്പത് സിക്സറുകളാണ് ഹെഡിങ്ലിയിൽ രണ്ട് ഇന്നിങ്സുകളിലുമായി പന്ത് അടിച്ച് കൂട്ടിയത്. ഇം​ഗ്ലീഷ് മണ്ണിൽ ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകളെന്ന റെക്കോർ‌ഡ് ഫ്ലിന്റോഫിനും ബെൻ സ്റ്റോക്സിനുമൊപ്പം പങ്കിട്ടു. ഇം​ഗ്ലണ്ടിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ബാറ്റർ‌മാരുടെ പട്ടികയിൽ പന്ത് ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. മുന്നിൽ ആറ് സെഞ്ച്വറി നേടിയ രാഹുൽ ദ്രാവിഡ് മാത്രം.

ആദ്യ ഇന്നിങ്സിൽ ഒരു സിക്സറിലൂടെയാണ് പന്ത് സെഞ്ച്വറിയിൽ തൊട്ടത്. ടെസ്റ്റ് കരിയറിൽ മൂന്നാം തവണയാണ് സിക്സറുകളിലൂടെ പന്ത് സെഞ്ച്വറി കുറിക്കുന്നത്. ആ മൂന്നും ഇം​ഗ്ലീഷ് സ്പിന്നർമാർക്കെതിരെയായിരുന്നു എന്നത് ഒരപൂർവതയാണ്. 2018 ൽ ഓവലിൽ ആദിൽ റഷീദിനെ ഗാലറിയിലെത്തിച്ചാണ് പന്ത് സെഞ്ച്വറിയിൽ തൊട്ടത്. 2018 ൽ അഹ്‌മദാബാദിൽ ജോ റൂട്ടിനെ സിക്‌സർ പറത്തി സെഞ്ച്വറി.


ലീഡ്‌സിലെ ഷൊഐബ് ബഷീറിനെതിരെയും അയാൾ അതാവർത്തിച്ചു. ഇന്ത്യൻ ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കർ മാത്രമാണ് മൂന്നിൽ കൂടുതൽ തവണ സിക്‌സറുകളിലൂടെ സെഞ്ച്വറിയിൽ തൊട്ടിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിന്റെ ആറ് സെഞ്ച്വറികൾ പിറന്നത് സിക്‌സറുകളിലൂടെയായിരുന്നു. ഏതായാലും ഇം​ഗ്ലീഷ് മണ്ണിൽ പന്താട്ടം തുടരും എന്നതിന്റെ വലിയ സൂചന ആരാധകർക്ക് ലഭിച്ച് കഴിഞ്ഞു. സുനിൽ ​ഗവാസ്കറിന്റെ ശബ്ദം ഇപ്പോൾ അവരുടെ ചെവിയിൽ മുഴങ്ങുന്നുണ്ടാവും. സൂപ്പർബ്.. സൂപ്പർബ്…സൂപ്പർബ്...

Story highlight: Records set by Rishabh Pant at Headingley

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us