

ഐ എസ് എൽ ഈ സീസൺ നടക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അനിശ്ചിതത്ത്വം നീളുമ്പോഴും സൂപ്പർ ലീഗ് കേരളയുടെ ആവേശത്തിലാണ് ഇപ്പോൾ മലയാളി ഫുട്ബോൾ പ്രേമികൾ. മത്സരത്തിന്റെ നിലവാരം കൊണ്ടും ആവേശം കൊണ്ടും കാഴ്ചക്കാരുടെ നിറസാന്നിധ്യം കൊണ്ടും എസ് എൽ കെയുടെ രണ്ടാം പതിപ്പും വൻ ഹിറ്റായി മുന്നേറുകയാണ്.

ഒരു പിടി ക്വാളിറ്റിയുള്ള വിദേശ താരങ്ങളും പ്രതിഭ തിളക്കമുള്ള മലയാളി താരങ്ങളുമെല്ലാം അണിനിരക്കുന്ന ഈ സീസൺ, ഗ്രൂപ്പ് ഘട്ടത്തിന്റെ പകുതിയിലേറെയും പിന്നിട്ടപ്പോൾ ആറ് ടീമുകളിൽ ഏതെല്ലാം ടീമുകൾ സെമി ഫൈനലിലേക്ക് കടക്കുമെന്ന് നോക്കാം.

നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ളത് നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്‌സിയാണ്. ഏഴ് മത്സരങ്ങളിൽ നിന്ന് നാല് ജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി 14 പോയിന്റാണ് കാലിക്കറ്റിനുള്ളത്.
ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീം കൂടിയാണ് കാലിക്കറ്റ്. 14 ഗോളുകളാണ് കാലിക്കറ്റ് എതിരാളികളുടെ വലയിലേക്ക് ഇതിനകം അടിച്ചുകയറ്റിയത്. +6 ഗോൾ വ്യത്യാസമുള്ളതും സെമിയിൽ കാലിക്കറ്റിന് ഗുണം ചെയ്യും. സീസണിൽ ഹാട്രിക്ക് അടക്കം അഞ്ചു ഗോൾ നേടിയിട്ടുള്ള അജ്‌സലിന്റെ സാന്നിധ്യവും ആത്‌മവിശ്വാസമാകും.

നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരായ തൃശൂർ മാജിക് എഫ്സിയാണ്. ഏഴ് മത്സരങ്ങളിൽ നിന്ന് നാല് ജയവും ഒരു സമനിലയും രണ്ട് തോൽവിയുമായി 13 പോയിന്റാണ് അവർക്കുള്ളത്. ഏതായാലും 13 പോയിന്റ് ഉള്ളതുകൊണ്ട് തന്നെ കാലിക്കറ്റിനൊപ്പം തൃശൂരും ഏറെ കുറെ സെമി ഫൈനൽ ഉറപ്പിച്ച മട്ടാണ്. കഴിഞ്ഞ സീസണിൽ 13 പോയിന്റുണ്ടായിരുന്ന തിരുവനന്തപുരം സെമിയിലേക്ക് മാർച്ച് ചെയ്തിരുന്നു.

പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള മലപ്പുറം എഫ്‌സിയാണ് പ്ളേ ഓഫ് കടക്കാനുള്ള മറ്റൊരു ടീം. ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും നാല് സമനിലയും ഒരു തോൽവിയുമായി പത്ത് പോയിന്റാണ് അവർക്കുള്ളത്. ഏഴ് മത്സരങ്ങളിൽ നിന്ന് അതേ പോയിന്റുമായി നാലാം സ്ഥാനത്തുള്ള തിരുവന്തപുരം കൊമ്പൻസിനും അഞ്ചാം സ്ഥാനത്തുള്ള കണ്ണൂർ വാരിയേഴ്‌സിനും സെമിയിലേക്ക് സാധ്യതയുണ്ട്. +3 ഗോൾ വ്യത്യാസമാണ് മലപ്പുറത്തെ മൂന്നാം സ്ഥാനത്ത് നിർത്തുന്നത്. തിരുവന്തപുരം കൊമ്പൻസിന് +1 ഗോൾ വ്യത്യാസവും കണ്ണൂരിന് 0 ഗോൾ വ്യത്യാസവുമാണ് ഉള്ളത്.

സീസണിൽ കാലിക്കറ്റിലെ അജ്‌സലിനൊപ്പം ടോപ് സ്‌കോറർ റണ്ണിൽ ഒപ്പമുള്ള ജോൺ കെന്നഡിയുടെ നിരയിലുള്ളത് മലപ്പുറത്തിന് കോൺഫിഡൻസ് ഏറ്റും. ഇനിയുള്ള തങ്ങളുടെ മത്സരങ്ങൾ കൂടുതലും ഹോം ഗ്രൗണ്ടിലാണ് എന്നതാണ് കണ്ണൂരിന്റെ പ്ലസ് പോയിന്റ്. യുവതാരങ്ങളുടെ മികച്ച ഫോമിലാണ് തിരുവന്തപുരത്തിന്റെ പ്രതീക്ഷ.

അതേ സമയം ഏഴ് മത്സരങ്ങളിൽ നിന്ന് ജയം പോയിട്ട് ഒരു സമനില പോലും നേടാനാവാതെ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള ഫോഴ്‌സ കൊച്ചിക്ക് ഇനി സാധ്യതകളൊന്നും അവശേഷിക്കുന്നില്ല.

ഏതായാലും ആകെ പത്ത് മത്സരങ്ങളുള്ള ഗ്രൂപ്പ് റൗണ്ടിൽ എല്ലാ ടീമുകൾക്കും ഇനി മൂന്ന് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങൾ ഓരോ ടീമിനും നിർണായകമാകും. ഏതെല്ലാം ടീമുകൾ സെമി പോരാട്ടത്തിലേക്ക് ടിക്കറ്റെടുക്കും. കാത്തിരുന്ന് കാണാം.
Content Highlights: super league kerala 2026 , semi final chances