വീണ്ടും പരിക്ക്; നീരജ് ചോപ്ര ഏഷ്യന്‍ ഗെയിംസില്‍ കളിക്കില്ല, 2026 സീസണിന് വിരാമം

പരിശീലനത്തിനിടെ കണങ്കാലിലെ ലിഗമെന്റിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് നീരജ് ചോപ്ര സീസണ്‍ അവസാനിപ്പിച്ചത്

വീണ്ടും പരിക്ക്; നീരജ് ചോപ്ര ഏഷ്യന്‍ ഗെയിംസില്‍ കളിക്കില്ല, 2026 സീസണിന് വിരാമം
dot image

പരിശീലനത്തിനിടെ കണങ്കാലിലെ ലിഗമെന്റിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര 2026 സീസണ്‍ അവസാനിപ്പിച്ചു. പരിക്കിനെ തുടര്‍ന്ന് വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഒളിമ്പിക് ചാമ്പ്യനായ നീരജിന് മത്സരിക്കാനാകില്ല. സ്വിറ്റ്സര്‍ലന്‍ഡിലെ ലുസെയ്‌നില്‍ നടന്ന ഡയമണ്ട് ലീഗില്‍ ഈ സീസണിലെ തന്റെ മികച്ച പ്രകടനത്തോടെ താളം വീണ്ടെടുത്തതിന് തൊട്ടുപിന്നാലെയാണ് തിരിച്ചടിയുണ്ടായത്. ഡോക്ടര്‍മാരുമായും സപ്പോര്‍ട്ട് സ്റ്റാഫുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ നീരജ് അറിയിച്ചു.

'ഏറെ കഠിനാധ്വാനത്തിന് ശേഷം ലുസെയ്‌നിലെ പ്രകടനത്തോടെ ഞാന്‍ പ്രതീക്ഷിച്ച ഫോമിലേക്ക് തിരികെ എത്തുകയാണെന്ന് തോന്നിയിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ പരിശീലനത്തിനിടെ കണങ്കാലിലെ ലിഗമെന്റിന് പരിക്കേറ്റു. ഡോക്ടറുടെയും ടീമിന്റെയും നിര്‍ദ്ദേശപ്രകാരം ഈ സീസണിലെ ബാക്കി മത്സരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു' -നീരജ് കുറിച്ചു. പ്രതീക്ഷിച്ച ഫോമിലേക്ക് എത്തിയെന്ന് തോന്നിയ ഘട്ടത്തിലുണ്ടായ ഈ തിരിച്ചടി വിഷമകരമാണെങ്കിലും ശക്തമായി തിരിച്ചെത്തുകയാണ് ഇനി ലക്ഷ്യമെന്നും ആരാധകരുടെ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ 88.05 മീറ്റര്‍ എറിഞ്ഞ നീരജ് രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വെറും ഒന്‍പത് സെന്റീമീറ്റര്‍ വ്യത്യാസത്തിലാണ് നീരജിന് ഒന്നാം സ്ഥാനം നഷ്ടമായത്. 88.14 മീറ്റര്‍ എറിഞ്ഞ ശ്രീലങ്കയുടെ റുമേഷ് തരംഗ പതിരഗെയായിരുന്നു ഒന്നാമതെത്തിയത്. ഈ സീസണില്‍ ദോഹ ഡയമണ്ട് ലീഗിലും കോമണ്‍വെല്‍ത്ത് ഗെയിംസിലുമാണ് നീരജ് ഇതിനുമുമ്പ് മത്സരിച്ചിരുന്നത്. ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനകള്‍ നല്‍കിയ വേളയിലുണ്ടായ ഈ പിന്മാറ്റം വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയാണ്. 2021 ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണവും 2024 ലെ പാരീസ് ഒളിമ്പിക്‌സില്‍ വെള്ളിയും നേടി ഇന്ത്യന്‍ കായികരംഗത്തെ പ്രമുഖ താരമായി ഉയര്‍ന്ന വ്യക്തിയാണ് നീരജ് ചോപ്ര.

content highlights: Neeraj Chopra Rule Out of Asian Games Due to Injury; Ends 2026 Season Early

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us