'വെള്ളി നേടിയതില്‍ സന്തോഷമുണ്ട്, പക്ഷെ തൃപ്തനല്ല'; ലോങ് ജംപിലെ നേട്ടത്തിനുശേഷം ശ്രീശങ്കര്‍

തുടര്‍ച്ചയായ രണ്ടാംതവണയും മലയാളി താരം മുരളി ശ്രീശങ്കറിന് കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡല്‍

'വെള്ളി നേടിയതില്‍ സന്തോഷമുണ്ട്, പക്ഷെ തൃപ്തനല്ല'; ലോങ് ജംപിലെ നേട്ടത്തിനുശേഷം ശ്രീശങ്കര്‍
dot image

ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ലോങ് ജംപില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വെള്ളി മെഡല്‍ നേടിയതില്‍ തനിക്ക് സന്തോഷമുണ്ടെങ്കിലും, സ്വര്‍ണം നേടുകയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ താന്‍ 'പൂര്‍ണ തൃപ്തനല്ല' എന്ന് ഇന്ത്യന്‍ ലോങ് ജംപ് താരം മുരളി ശ്രീശങ്കര്‍. 2022-ലെ ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിലും വെള്ളി മെഡല്‍ നേടിയിരുന്ന 27-കാരനായ ശ്രീശങ്കര്‍, 8.09 മീറ്റര്‍ ദൂരം ചാടിയാണ് ഇത്തവണ രണ്ടാമതെത്തിയത്. 8.15 മീറ്റര്‍ ദൂരത്തോടെ ജമൈക്കയുടെ തജയ് ഗെയ്ല്‍ സ്വര്‍ണം സ്വന്തമാക്കി. 8.08 മീറ്റര്‍ ചാടിയ സ്‌കോട്ട്ലന്‍ഡിന്റെ സ്റ്റീഫന്‍ മക്കെന്‍സി വെങ്കല മെഡല്‍ നേടി.


'എപ്പോഴും സ്വര്‍ണ മെഡല്‍ പ്രകടനമാണ് ലക്ഷ്യമിടുന്നത്. ഈ വെള്ളി മെഡലില്‍ ഞാന്‍ സന്തോഷവാനാണ്, പക്ഷേ തൃപ്തനല്ല. കാരണം ഞാന്‍ പ്രതീക്ഷിച്ച തരത്തിലുള്ള ഒരു ചാട്ടമല്ല ഇത്. വലിയൊരു ചാട്ടത്തിലൂടെ രാജ്യത്തിന് വേണ്ടി സ്വര്‍ണം നേടാനും, ബര്‍മിങ്ഹാമിലെ വെള്ളി മെഡലിന് പകരം സ്വര്‍ണം സ്വന്തമാക്കാനും ഞാന്‍ ആഗ്രഹിച്ചിരുന്നു. എങ്കിലും, കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ കടന്നുപോയ പ്രയാസങ്ങളെക്കുറിച്ച് ബോധ്യമുള്ളതിനാല്‍, ഈ ഘട്ടത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇവിടെ നില്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും ദൈവത്തോട് നന്ദിയുമുണ്ട്.' -ശ്രീശങ്കര്‍ പറഞ്ഞു.

മത്സരത്തിലുടനീളം സ്വര്‍ണ മെഡലിനായി ശക്തമായ പോരാട്ടത്തിലായിരുന്ന ശ്രീശങ്കറിന്, തജയ് ഗെയ്ലിന്റെ 8.15 മീറ്റര്‍ മറികടക്കാന്‍ തന്റെ അവസാന ശ്രമത്തില്‍ സാധിച്ചില്ല. ആറാം ശ്രമത്തില്‍ 7.97 മീറ്റര്‍ മാത്രമാണ് ശ്രീശങ്കറിന് കണ്ടെത്താനായത്. ഈ മെഡല്‍ നേട്ടത്തോടെ, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ലോങ് ജംപ് താരം എന്ന ചരിത്രപരമായ നേട്ടവും ശ്രീശങ്കര്‍ സ്വന്തമാക്കി. പരിക്കിനെയും ശസ്ത്രക്രിയയെയും തുടര്‍ന്ന് 2024 പാരിസ് ഒളിമ്പിക്സ് നഷ്ടമായ മലയാളി താരത്തിന്റെ ഈ തിരിച്ചു വരവും മെഡല്‍ നേട്ടവും ശ്രദ്ധേയമാണ്.

പാലക്കാട് സ്വദേശിയായ ശ്രീശങ്കറിനെ സാത്ത് ഏഷ്യന്‍ ഗെയിംസ് ട്രിപ്പിള്‍ ജംപ് വെള്ളി മെഡല്‍ ജേതാവായ പിതാവും പരിശീലകനുമായ എസ്. മുരളിയാണ് ശ്രീശങ്കറിനെ കായികരംഗത്തേക്ക് കൊണ്ടുവന്നത്. മാതാവ് കെ.എസ്. ബിജിമോള്‍ മിഡില്‍ ഡിസ്റ്റന്‍സ് റണ്ണറായിരുന്നു. 8.41 മീറ്റര്‍ വ്യക്തിഗത മികച്ച ദൂരമുള്ള ശ്രീശങ്കര്‍, 2023-ലെ ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും വെള്ളി മെഡലുകള്‍ നേടിയിട്ടുണ്ട്. ഈ മത്സരത്തില്‍ പങ്കെടുത്ത മറ്റൊരു ഇന്ത്യന്‍ താരമായ ലോകേഷ് തന്റെ കന്നി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 7.97 മീറ്റര്‍ ചാടി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഗ്ലാസ്ഗോ ഗെയിംസില്‍ ഇന്ത്യയുടെ 13-ാമത് മെഡലായിരുന്നു ശ്രീശങ്കറിലൂടെ ലഭിച്ചത്. ഏഴാം ദിനത്തിന്റെ അവസാനത്തില്‍ 3 സ്വര്‍ണം, 9 വെള്ളി, 3 വെങ്കലം ഉള്‍പ്പെടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 15 ആയി ഉയര്‍ന്നു.

ഇതുവരെ ഇന്ത്യക്കായി മെഡല്‍ നേടിയവര്‍

  • സ്വര്‍ണം: മീരാഭായ് ചാനു (വെയ്റ്റ്ലിഫ്റ്റിങ്), ഷര്‍മിള ധന്‍കര്‍ (വനിതകളുടെ ഷോട്ട്പുട്ട് എ57), ദിലീപ് മഹാദു ഗാവിത് (പുരുഷന്മാരുടെ ഠ47 100മീറ്റര്‍)
  • വെള്ളി: മുഹമ്മദ് ബേസില്‍ (പുരുഷന്മാരുടെ ഠ47 100മീറ്റര്‍), മുരളി ശ്രീശങ്കര്‍ (പുരുഷന്മാരുടെ ലോങ്ജംപ്), ഋഷികാന്ത് സിംഗ് (വെയ്റ്റ്ലിഫ്റ്റിങ്), മുത്തുപാണ്ടി രാജ (വെയ്റ്റ്ലിഫ്റ്റിങ്), ജ്ഞാനേശ്വരി യാദവ് (വെയ്റ്റ്ലിഫ്റ്റിങ്), സര്‍വേഷ് കുഷാരെ (പുരുഷന്മാരുടെ ഹൈജംപ്), ഗുല്‍വീര്‍ സിംഗ് (പുരുഷന്മാരുടെ 10,000മീറ്റര്‍), ഹര്‍ജീന്ദര്‍ കൗര്‍ (വെയ്റ്റ്ലിഫ്റ്റിങ്), വല്ലൂരി അജയ് ബാബു (വെയ്റ്റ്ലിഫ്റ്റിങ്)
  • വെങ്കലം: ബിന്ദ്യാറാണി ദേവി (വെയ്റ്റ്ലിഫ്റ്റിങ്), ശില്‍പ കെ. ഷൈല (വനിതകളുടെ ഷോട്ട്പുട്ട് എ57), ഝണ്ഡു കുമാര്‍ (പാരാ പവര്‍ലിഫ്റ്റിങ്).

content highlights: 'Happy With Silver, But Not Satisfied,' Says Murali Sreeshankar After CWG Long Jump Medal

dot image
To advertise here,contact us
dot image