

ഇന്ത്യ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിവി സിന്ധു പുറത്ത്. വിയറ്റ്‌നാമിന്‍റെ നുയാൻ തുയ് ലിനാണ് ഇന്ത്യൻ താരത്തെ തോല്‍പ്പിച്ചത്. ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വനിതാ സിംഗിൾസ് ആദ്യ റൗണ്ട് മത്സരത്തിൽ 20-22, 21-12, 21-15 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെട്ടത്.
മത്സരത്തിലെ ആദ്യ മൂന്ന് പോയിന്‍റുകള്‍ നേടി ഇടവേളയിൽ 11-7 ന് സിന്ധു മുന്നിലായിരുന്നു. പിന്നാലെ നുയെൻ തുയ് ലിൻ തിരിച്ചടിക്കുകയും മൂന്ന് ഗെയിം പോയിന്‍റ് സ്വന്തമാക്കുകയും ചെയ്‌തു. രണ്ടാം ഗെയിമിന്‍റെ തുടക്കത്തിൽ തന്നെ കടുത്ത മത്സരം നടന്നിരുന്നു. നുയാൻ തുയ് ലിൻ 11-9 എന്ന നിലയിൽ മുന്നേറി. നിർണായക മത്സരത്തിലേക്ക് നീങ്ങുമ്പോൾ മൂന്ന് പോയിന്‍റുകൾ മാത്രം വിട്ടുകൊടുത്തുകൊണ്ട് താരം വ്യക്തമായ ലീഡ് നേടി.
മൂന്നാം ഗെയിമിലും നേരിയ ലീഡ് നിലനിർത്തിയ നുയെൻ തുയ് ലിൻ, ഒടുവില്‍ മത്സരം ജയിച്ചു. സ്വന്തം മണ്ണിൽ നടന്ന ഇന്ത്യാ ഓപ്പണിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് സിന്ധു പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആദ്യ റൗണ്ടിലെ തോൽവി ഇന്ത്യന്‍ താരത്തിന് കനത്ത തിരിച്ചടിയായി.
Content Highlights: India Open: PV Sindhu Crashes Out in First Round