
ഡബ്ല്യൂ ഡബ്ല്യൂ ഇ റെസലിങ് ഇതിഹാസതാരം ഹൾക്ക് ഹോഗൻ അന്തരിച്ചു. 71-ാം വയസിലാണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ടിഎംഇസഡ് സ്പോർട്സ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ന് രാവിലെ ഫ്ലോറിഡയിലുള്ള ഹോഗന്റെ വീട്ടിലേക്ക് അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് മെഡിക്കൽ സംഘം എത്തിയിരുന്നു. പിന്നാലെ ഹോഗനെ സ്ട്രെച്ചറിൽ ആംബുലൻസിലേക്ക് മാറ്റിയിരുന്നു.
ഏതാനും ആഴ്ചകൾക്ക് മുമ്പ് ഹോഗന്റെ ഭാര്യ സ്കൈ ഡെയ്ലി, ഇതിഹാസ താരം ഗുരുതര ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലാണെന്ന റിപ്പോർട്ടുകൾ നിഷേധിച്ചിരുന്നു. ശസ്ത്രക്രിയകളിൽ നിന്ന് ഭർത്താവ് സുഖം പ്രാപിച്ചുവരികയാണെന്നും ഹോഗന് ശക്തമായ ഹൃദയമാണുള്ളതെന്നും അവർ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ഹോഗന്റെ മരണം സംബന്ധിച്ച് കുടുംബത്തിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരങ്ങൾ ഒന്നുമുണ്ടായിട്ടില്ല.
ടെറി ജീന്‍ ബൊലിയ എന്നാണ് ഹൾക്ക് ഹോഗന്റെ യഥാർത്ഥ പേര്. പ്രൊഫഷണൽ റെസ്ലിങ്ങിൽ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ഹോഗൻ. 1980കളിലും 1990കളിലും സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്നുവന്ന ഹോഗൻ തൻ്റെ വ്യക്തിത്വവും ആകർഷകത്വവും അതുല്യമായ ആരാധകവൃന്ദത്തിലൂടെയും ഡബ്ല്യൂ ഡബ്ല്യൂ ഇ (അന്നത്തെ ഡബ്ല്യൂ ഡബ്ല്യൂ എഫ്) ആഗോളതലത്തിൽ ജനപ്രിയമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു.
Content Highlights: Wrestling icon Hulk Hogan dies at 71