ടൈബ്രേക്കറിനൊടുവില്‍ നാടകീയ വിജയം; സൂപ്പര്‍ബെറ്റ് കിരീടം ചൂടി പ്രഗ്നാനന്ദ, ആദ്യ ഗ്രാന്‍ഡ് ചെസ് ടൂര്‍ ടൈറ്റില്‍

ടൈബ്രേക്കർ വരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലായിരുന്നു പ്ര​ഗ്നാനന്ദ വിജയം സ്വന്തമാക്കിയത്

dot image

സൂപ്പർബെറ്റ് ക്ലാസിക്ക് ചെസ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ. ഫ്രാന്‍സിന്റെ മാക്‌സിം വാഷിര്‍ ലാഗ്രേവിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരത്തിന്റെ നേട്ടം. ടൈബ്രേക്കർ വരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലായിരുന്നു പ്ര​ഗ്നാനന്ദ വിജയം സ്വന്തമാക്കിയത്. താരത്തിന്റെ കരിയറിലെ ആദ്യത്തെ ഗ്രാന്‍ഡ് ചെസ് ടൂര്‍ കിരീടമാണിത്. കിരീട വിജയത്തിന് ശേഷം അദ്ദേഹം 77,667 ഡോളറും 10 ജിസിടി പോയിന്റുകളും നേടി.

അവസാന ക്ലാസിക്കൽ റൗണ്ടിൽ അർമേനിയൻ-അമേരിക്കൻ ഗ്രാൻഡ്മാസ്റ്ററായ ലെവോൺ ആരോണിയനുമായി സമനില വഴങ്ങിയതോടെ പ്രഗ്നാനന്ദ ഒന്നാം സ്ഥാനത്തേക്ക് തുല്യത ഉറപ്പാക്കി. എന്നാൽ ഫ്രഞ്ച് ഗ്രാൻഡ്മാസ്റ്റർമാരായ മാക്സിം വാച്ചിയർ-ലാഗ്രേവ്, അലിറേസ ഫിറോസ്ജ എന്നിവരും അവസാന റൗണ്ടിൽ വിജയിച്ചു. ഇതോടെ പ്രഗ്നാനന്ദയ്ക്കൊപ്പം തന്നെ ഇവരും ടൂർണമെന്റിൽ 5.5 പോയിന്റുകൾ വീതം നേടി സമനില നേടി. ഇതോടെയാണ് വിജയികളെ നിര്‍ണയിക്കാന്‍ ടൈബ്രേക്കര്‍ വേണ്ടി വന്നത്.

ടൈബ്രേക്കറിൽ ബ്ലിറ്റ്‌സില്‍ 1.5 പോയിന്റുകള്‍ നേടിയാണ് പ്രഗ്നാനന്ദ വിജയവും കിരീടവും ഉറപ്പിച്ചത്. പ്രഗ്നാനന്ദ- അലിരെസ പോരാട്ടം സമനിലയില്‍ അവസാനിച്ചു. അലിരെസ- ലഗ്രേവ് പോരാട്ടവും സമനിലയിൽ പിരിഞ്ഞു. ഇതോടെ പ്രഗ്നയും ലഗ്രേവും തമ്മിലുള്ള മത്സരം നിര്‍ണായകമായി. ഈ പോരാട്ടത്തില്‍ പ്ര​ഗ്നാനന്ദ ലഗ്രേവിനെ വീഴ്ത്തുകയും ചെയ്തു.

Content Highlights: India’s R Praggnanandhaa Clinches First Grand Chess Tour Title at 2025 Superbet Chess Classic

dot image
To advertise here,contact us
dot image