

അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായി ലയണൽ സ്കലോണി തുടരും. 2030 ലോകകപ്പ് വരെ നീളുന്ന പുതിയ കരാറിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ സ്കലോണിയുമായി ധാരണയായി.
2026 ലോകകപ്പിലെ തോൽവിക്ക് പിന്നാലെ അർജന്റീന ടീമിനൊപ്പമുള്ള സ്കലോണിയുടെ ഭാവിയെ സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിഹാസ താരം ലയണൽ മെസിയുടെ പടിയിറക്കത്തോടെ ദേശീയ ടീമിനൊപ്പം സ്കലോണി ഇനി തുടരില്ലെന്ന വാർത്തകളും നിലനിന്നിരുന്നു. എന്നാൽ ഇതിനെല്ലാം വിരാമമിട്ടാണ് പുതിയ കരാർ.
28 വർഷങ്ങൾക്ക് ശേഷം അർജന്റീന ഒരു മേജർ ടൂർണമെന്റിൽ കിരീടം ചൂടിയത് സ്കലോണിയുടെ കീഴിലാണ്. 2021ൽ ബ്രസീലിനെ പരാജയപ്പെടുത്തി അർജന്റീന കോപ്പ അമേരിക്ക നേടികൊണ്ട് നീണ്ട വർഷങ്ങളുടെ കിരീടവരൾച്ച അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് ഇറ്റലിയെ തോൽപിച്ചുകൊണ്ട് ഫൈനൽസീമ കിരീടവും അർജന്റീന നേടി.
2022 ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച പരിശീലകൻ കൂടിയായിരുന്നു സ്‌കലോണി. പിന്നീട് 2024ൽ മറ്റൊരു കോപ്പ അമേരിക്ക കിരീടവും സ്കലോണിയുടെ കീഴിൽ അർജന്റീന നേടി.
2026 ലോകകപ്പിൽ കിരീടത്തിന്റെ തൊട്ടടുത്തെത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു. എന്നാൽ കലാശപ്പോരിൽ സ്പെയിനിനോട് പരാജയപ്പെട്ട് സ്കലോണിയുടെ സംഘം മടങ്ങുകയായിരുന്നു.
content highlights:lionel scaloni to continue aS argentina football head coach