ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും

ഹൈഡ്രജന്‍ ട്രെയിന്‍ വടക്കന്‍ റെയില്‍വേയുടെ കീഴിലുള്ള ജിന്ദ്-സോണിപത് റൂട്ടിലാണ് സര്‍വീസ് നടത്തുക

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
dot image

ന്യൂഡൽഹി: ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ഹരിയാനയിലെ ജിന്ദ്-സോനിപത് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനാണ് ഉദ്ഘാടനം ചെയ്യുന്നത്. ഹൈഡ്രജന്‍ ട്രെയിന്‍ ഉദ്ഘാടനം ചെയ്യുന്നതിനു പുറമേ, അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി പ്രകാരം രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകളും 75 പുനര്‍വികസിപ്പിച്ച റെയില്‍വേ സ്റ്റേഷനുകളും പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും.

രാജ്യത്തുടനീളമുള്ള റെയില്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഹൈഡ്രജന്‍ ട്രെയിന്‍ പദ്ധതി. ഹൈഡ്രജന്‍ ട്രെയിന്‍ വടക്കന്‍ റെയില്‍വേയുടെ കീഴിലുള്ള ജിന്ദ്-സോണിപത് റൂട്ടിലാണ് സര്‍വീസ് നടത്തുക. ജിന്ദിനും സോണിപത്തിനും ഇടയില്‍ രണ്ട് റൗണ്ട് ട്രിപ്പുകള്‍ പൂര്‍ത്തിയാക്കും. എല്ലാ ദിവസവും ഏകദേശം 356 കിലോമീറ്റര്‍ ദൂരമാണ് ട്രെയിന്‍ സര്‍വീസ് നടത്തുക.മണിക്കൂറില്‍ 75 കിലോമീറ്റര്‍ മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടുന്ന ഈ ട്രെയിന്‍, റൂട്ടിലെ നിരവധി സ്റ്റേഷനുകളെ ബന്ധിപ്പിക്കും. ജിന്ദ് സിറ്റി, പാണ്ഡു പിന്ദാര, ലളിത് ഖേര, ഭാംബേവ, ഇഷാപൂര്‍ ഖേരി, ബുട്ടാന, ഖന്ദ്രായി, ഗൊഹാന, റബ്ര, ലാത്ത്, മോഹന (ഹരിയാന), ബര്‍വാസ്നി എന്നീ സ്റ്റേഷനുകളില്‍ ട്രെയിന്‍ എത്തിച്ചേരും അവസാന സ്റ്റോപ്പ് സോണിപത് ആണ്. രണ്ട് ഡ്രൈവിംഗ് പവര്‍ കാറുകളും എട്ട് പാസഞ്ചര്‍ കോച്ചുകളും ഉള്‍പ്പെടെ 10 കോച്ചുകള്‍ ഈ ട്രെയിനില്‍ ഉണ്ടായിരിക്കും. 2,600 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അത്യാധുനിക ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യയുടെ പിന്‍ബലത്തിലാണ് ട്രെയിന്‍ പ്രവര്‍ത്തിക്കുന്നത്. പരമ്പരാഗത ഡീസല്‍ എഞ്ചിനുകളില്‍ നിന്ന് വ്യത്യസ്തമായി, ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ഈ സാങ്കേതികവിദ്യ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി പുറന്തള്ളപ്പെടുന്നത് വെള്ളവും താപവും മാത്രമായതിനാല്‍ കാര്‍ബണ്‍ എമിഷന്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കും. ഈ മുന്നേറ്റം ഇന്ത്യന്‍ റെയില്‍വേയുടെ ഊര്‍ജ്ജ സ്വയംപര്യാപ്തത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഡീസലിനും മറ്റ് ഇന്ധനങ്ങള്‍ക്കുമായി വരുന്ന വലിയ ചെലവ് കുറയ്ക്കാനും ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും. രാജ്യത്തിന്റെ ഗതാഗത മേഖലയെ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുക എന്ന വിശാലമായ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ പുതിയ ഹൈഡ്രജന്‍ ട്രെയിന്‍.

Content Highlights: India is set to flag off its first hydrogen-powered train today, marking a major milestone in the country's push for green and sustainable rail transport.

dot image
To advertise here,contact us
dot image