

ഫിഫ ലോകകപ്പിന്റെ മുഖ്യ ആതിഥേയർ അമേരിക്കയാണെങ്കിലും ഭൂരിഭാഗം അമേരിക്കക്കാരും ഇപ്പോഴും ലോകകപ്പിനോട് മുഖം തിരിച്ചു നിൽക്കുകയാണെന്ന് സർവേ ഫലങ്ങൾ . നിലവിലെ ലോകകപ്പ് പോരാട്ടങ്ങൾ അമേരിക്കൻ സോക്കർ ആരാധകർക്ക് ആഘോഷിക്കാൻ നിരവധി നിമിഷങ്ങൾ സമ്മാനിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം യുഎസ് പൗരൻമാരും ലോകകപ്പിനെ വലിയ കാര്യമായി കാണുന്നതേ ഇല്ല എന്നാണ് സർവേ ഫലങ്ങൾ.
അസോസിയേറ്റഡ് പ്രസ്സിന് (എപി) മാത്രമായി 'ഇപ്സോസ് സ്പോർട്സ്' നൽകിയ പുതിയ പോളിങ് വിവരങ്ങൾ പ്രകാരം ലോകകപ്പ്, നിലവിലുള്ള സോക്കർ ആരാധകരെ ആവേശഭരിതരാക്കുകയും പല അമേരിക്കക്കാരിലും കൗതുകം ഉണർത്തുകയും ചെയ്തിട്ടുണ്ട്. എങ്കിലും, യുഎസിലെ മുഖ്യധാരാ കായിക വിനോദങ്ങളുടെ ജനപ്രീതിയിലേക്ക് ഉയരാൻ സോക്കറിന് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നു തന്നെയാണ് സർവേ ഫലങ്ങൾ തരുന്ന സൂചനകൾ.
യുഎസ് ടീം ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറിയതിന് ശേഷവും, നോക്കൗട്ട് റൗണ്ടിൽ ബോസ്നിയ- ഹെർസഗോവിനയ്ക്കെതിരെ വിജയിക്കുന്നതിന് മുൻപുമായി ജൂൺ 26- 28 തീയതികളിലാണ് ഈ സർവേ നടത്തിയത്.
യുഎസ് ടീം നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയതിൽ പത്തിൽ ആറ് സോക്കർ ആരാധകരും അങ്ങേയറ്റം ആവേശം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ പൊതുവായി അമേരിക്കക്കാരിൽ 25 ശതമാനം ആളുകൾ മാത്രമാണ് ഈ ആവേശം പങ്കുവെച്ചത് എന്നതാണ് സർവേയിലെ ശ്രദ്ധേയ കാര്യം.
Content highlights: us survey shows low excitement for football world cup