

ആരാണ് ഫുട്‌ബോളില്‍ മികച്ച താരമെന്ന ചോദ്യം കിലിയന്‍ എംബാപ്പെയും നേരിട്ടു. അമേരിക്കന്‍ ലോകകപ്പിനിടെയാണ് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യമുയര്‍ത്തിയത്. എന്നാല്‍ ചോദ്യത്തില്‍ വിട്ടുപോയ താരത്തെ ഉള്‍പ്പെടുത്തിയായിരുന്നു എംബാപ്പെയുടെ മറുപടി. ചോദ്യം ഇങ്ങനെ; 'ഹാരി കെയ്ന്‍, ഏര്‍ലിങ് ഹാലണ്ട്, ലയണല്‍ മെസ്സി, പിന്നെ നിങ്ങള്‍… ഇതില്‍ ആരാണ് ഏറ്റവും മികച്ച താരം? എന്നാല്‍ ചോദ്യത്തില്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോയുടെ പേര് ഇല്ലെന്നത് എംബാപ്പെ മനസ്സിലാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേര് സ്വയം കൂട്ടിച്ചേര്‍ത്താണ് എംബാപ്പെ മറുപടി നല്‍കിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
'നിങ്ങള്‍ ആ കൂട്ടത്തില്‍ ഒരാളുടെ പേര് പറയാന്‍ മറന്നുപോയി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്‌ബോളില്‍ ഇവരെല്ലാവരും വ്യത്യസ്തമായ ശൈലിയിലുള്ള, തനതായ കഴിവുകളുള്ള ലോകോത്തര കളിക്കാരാണ്. ഇവരിലൊരാളെ മാത്രം മികച്ചവനായി തിരഞ്ഞെടുക്കുക അസാധ്യമാണ്. ഓരോരുത്തര്‍ക്കും അവരുടേതായ പ്രത്യേകതകളുണ്ട്. ഈ താരങ്ങളുടെയെല്ലാം കളി കണ്ട് ആസ്വദിക്കുകയാണ് ആരാധകര്‍ ചെയ്യേണ്ടത്' -എംബാപ്പെയുടെ മറുപടി ഇങ്ങനെയായിരുന്നു.
തന്റെ കുട്ടിക്കാലത്തെ ഹീറോയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ചോദ്യത്തില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ അത് ഓര്‍മ്മിപ്പിച്ച എംബാപ്പെയ്ക്ക് വലിയ കൈയടികളാണ് ഉയരുന്നത്. ആദ്യ ലോകകപ്പ് മത്സരത്തില്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയതിന് പിന്നാലെ റൊണാള്‍ഡോയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കോംഗോയ്‌ക്കെതിരായ മത്സരത്തില്‍ താരത്തിന് തിളങ്ങാനായിരുന്നില്ല. സഹതാരങ്ങള്‍ താരത്തിന് പന്തെത്തിച്ചുനല്‍കുന്നില്ലെന്ന വിമര്‍ശനവും രൂക്ഷമായിരുന്നു. ഇതിനിടെയാണ് എംബാപ്പെയുടെ പരാമര്‍ശം.
content highlights: Mbappe embraces Cristiano; French young star says Ronaldo is his childhood hero