

ബലിപെരുന്നാള്‍ അവധിക്കാലത്തെ വന്‍ തിരക്ക് പരിഗണിച്ച് യാത്രക്കാര്‍ക്കായി മാർഗ നിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ച് എമിറേറ്റ്സ്. യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണമെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ പരിശോധനകള്‍ വേഗത്തിലാക്കാന്‍ ഇത് സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
തിരക്കേറിയ സമയങ്ങളില്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ നടപടികള്‍ക്ക് പതിവിലും കൂടുതല്‍ സമയമെടുത്തേക്കാം. അതിനാല്‍ പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പ് ബോര്‍ഡിംഗ് ഗേറ്റില്‍ എത്തണമെന്നാണ് യാത്രക്കാര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. വിമാനത്താവളത്തിലേക്കുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ദുബായ് മെട്രോ പരമാവധി പ്രയോജനപ്പെടുത്താന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
യുഎഇയില്‍ മെയ് അവസാന വാരമാണ് ദീര്‍ഘമായ ഈദ് അവധി വരുന്നത്. സ്വകാര്യ മേഖലയ്ക്ക് മെയ് 26 മുതല്‍ നാല് ദിവസത്തെ അവധിയുണ്ടാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെയ് 25 തിങ്കളാഴ്ച മുതല്‍ അവധി ആരംഭിക്കും. ഈ ദിവസങ്ങളില്‍ വിമാനത്താവളങ്ങളില്‍ വന്‍ ജനതിരക്കാണ് പ്രതീക്ഷിക്കുന്നത്. മേഖലയിലെ സൈനിക സംഘര്‍ഷങ്ങള്‍ക്ക് ശേഷം വ്യോമയാന മേഖല വീണ്ടെടുക്കലിന്റെ പാതയിലാണ്. ഇസ്രയേൽ-ഇറാന്‍ സംഘര്‍ഷം പ്രശ്നങ്ങള്‍ മുന്‍പ് വ്യോമഗതാഗതത്തെ ബാധിച്ചിരുന്നു. നിലവില്‍ എമിറേറ്റ്സ് 72 രാജ്യങ്ങളിലെ 137 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. അവധിക്കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: As passenger traffic increases during the Eid Al Adha holiday season, Emirates has issued travel guidelines to ensure smooth airport procedures. The airline advised travelers to reach airports early, use online check-in facilities, and complete travel formalities in advance to avoid delays.