

മഴ കനത്തതോടെ സവോള വില കുത്തനെ ഇടിയുന്നു. ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ ഉള്ളി വില താഴ്ന്നതോടെ, കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇന്ത്യയിലെ പ്രധാന ഉള്ളി ഉത്പാദന സംസ്ഥാനമായ മഹാരാഷ്ട്രയില്‍ കൃഷിചെലവുപോലും തിരികെ കിട്ടാത്ത അവസ്ഥയാണെന്ന് കര്‍ഷകര്‍ പറയുന്നു. അമിതമായ വിളവെടുപ്പ്, കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്നുള്ള അസമയമഴ, കയറ്റുമതി ആവശ്യകത കുറഞ്ഞത് എന്നിവ പ്രതിസന്ധിയായി. ഇതോടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ ഏറ്റവും മോശം സീസണുകളില്‍ ഒന്നായി ഇത് മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാസിക്, സോളാപൂര്‍, ഛത്രപതി സംഭാജിനഗര്‍ തുടങ്ങിയ പ്രധാന ഹോള്‍സെയില്‍ മാര്‍ക്കറ്റുകളിലെല്ലാം ഉള്ളി വിലയിടിഞ്ഞു. തൊഴിലാളി വേതനം, ഗതാഗത ചെലവ്, ലോഡിങ് ചെലവ് എന്നിവ കഴിഞ്ഞാല്‍ വ്യാപാരിക്ക് ബാക്കി തുക കുടിശ്ശികയാവുന്നുവെന്നാണ് കണക്കാക്കുന്നത്.
ചെലവ് കൂടുന്നു, വരുമാനം ഇടിയുന്നു
വിത്ത്, വളം, ഡീസല്‍, തൊഴിലാളി വേതനം, യന്ത്രവത്കൃത കൃഷി തുടങ്ങിയ എല്ലാ മേഖലകളിലുമുള്ള ചെലവ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വലിയ തോതില്‍ വര്‍ധിച്ചു. വിപണിയിലെ ഉള്ളിവില കുത്തനെ ഇടിഞ്ഞതോടെ കര്‍ഷകര്‍ കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയും നേരിടുകയാണെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടി. അതേ സമയം, സവാള വില കുറയുന്ന സാഹചര്യത്തില്‍, അത് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ബഫര്‍ സ്റ്റോക്ക് സംഭരണം ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം 2 ലക്ഷം ടണ്‍ സവാള സംഭരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഉള്ളിക്ക് താങ്ങ് വില ആവശ്യപ്പെട്ട് കര്‍ഷകര്‍
നഷ്ടം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഉള്ളി കര്‍ഷക സംഘടനകള്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെടുന്നു. ഉള്ളിയെ കുറഞ്ഞ താങ്ങ് വില (മിനിമം സപ്പോര്‍ട്ട് പ്രൈസ് /MSP) പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുകയും, ക്വിന്റലിന് 3,500 MSP നിശ്ചയിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
നിലവിലെ സീസണില്‍ വളരെ കുറഞ്ഞ വിലയ്ക്ക് ഉള്ളി വിറ്റതിനെ തുടര്‍ന്ന് ഉണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരമായി, ക്വിന്റലിന് 1,500 വീതം നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിപണിയിലെ അനിശ്ചിതത്വവും കയറ്റുമതി ആവശ്യകതയുടെ കുറവും തുടരുന്നതിനാല്‍, ഉള്ളി കര്‍ഷകര്‍ക്ക് വരാനിരിക്കുന്ന മാസങ്ങളില്‍ കൂടുതല്‍ പ്രതിസന്ധി നേരിട്ടേക്കുമൊയെന്നാണ് ആശങ്ക.
Content Highlights: Onion prices in Maharashtra plunge below production costs, leaving farmers struggling with mounting debts and heavy losses