

ചെപ്പോക്ക് സ്‌റ്റേഡിയത്തിലേക്ക് കഴിഞ്ഞദിവസം ആരാധകരെത്തുമ്പോള്‍ ആകാംക്ഷയത്രയും എംഎസ് ധോണിയെ ചുറ്റിപ്പറ്റിയായിരുന്നു. മൈതാനത്തേക്ക് തങ്ങളുടെ പ്രിയപ്പെട്ട മഹി എത്തുമോ എന്ന് നോക്കിയിരുന്ന കാണികള്‍ക്ക് പക്ഷെ നിരാശയായിരുന്നു ഫലം. ധോണി കളിക്കാനിറങ്ങിയില്ലെന്ന് മാത്രമല്ല, നിര്‍ണായക മത്സരത്തില്‍ തോല്‍വിയായിരുന്നു ഫലം.
ധോണി തന്റെ അവസാന ടി20 ക്രിക്കറ്റ് മത്സരം ചെപ്പോക്കില്‍ കളിക്കുമെന്നാണ് 2021ല്‍ പറഞ്ഞിരുന്നത്. ഇതെല്ലാം കൂട്ടിവായിച്ചാണ് കഴിഞ്ഞദിവസം അദ്ദേഹം കളിക്കാനിറങ്ങുമെന്നുള്ള അഭ്യൂഹം പരന്നത്. ഇതോടെ ചെപ്പോക്കിലെ മത്സരത്തിന് ടിക്കറ്റ് ഡിമാന്‍ഡ് വര്‍ധിച്ചിരുന്നു. മത്സരശേഷം ആരാധകരെ അഭിവാദ്യം ചെയ്യാന്‍ ധോണി മൈതാനത്തിറങ്ങിയിരുന്നു. ടീമിനൊപ്പം ഫോട്ടോ സെഷനിലും അദ്ദേഹം പങ്കെടുത്തു. തുടര്‍ന്നാണ് അദ്ദേഹം മടങ്ങിയത്. ധോണി ഗ്രൗണ്ടിലെത്തിയപ്പോള്‍ വലിയ ആരവമാണ് വരവേറ്റത്.
എന്നാല്‍, ധോണി അടുത്ത സീസണില്‍ കളിക്കുമോ എന്നാണ് ഇനി ആകാംക്ഷ. ഈ സീസണില്‍ പരിക്കേറ്റതാണ് ധോണിക്ക് തിരിച്ചടിയായത്. എന്നാല്‍ അടുത്തവര്‍ഷം ടീമില്‍ ധോണിയുണ്ടാകുമോ എന്ന ചോദ്യത്തിന് ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങിന്റെ ഉത്തരമാണ് ചര്‍ച്ചയാകുന്നത്. ഇത് മാനേജ്‌മെന്റ് പറയേണ്ട കാര്യമാണെന്നാണ് കോച്ചിന്റെ മറുപടി. ഈ സീസണില്‍ ധോണിയെ കളിക്കാരനായി ഉപയോഗിച്ചില്ലെങ്കിലും അദ്ദേഹം താരങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കിയിരുന്നുവെന്നും ധോണിയുടെ സാന്നിധ്യം പ്രധാനമായിരുന്നുവെന്നും ഫ്‌ളെമിങ് പറഞ്ഞു.
EMOTIONAL MS DHONI AT CHEPAUK 🥹💛 pic.twitter.com/IOMQDHd3Mu
— Johns. (@CricCrazyJohns) May 18, 2026
'ധോണി അടുത്ത സീസണില്‍ ഉണ്ടാകുമോ എന്നത് മാനേജ്‌മെന്റ് പറയേണ്ട കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് അറിയാം. അദ്ദേഹം ഇപ്പോഴും ടീമില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്ന താരമാണ്. ഓരോ താരങ്ങള്‍ക്കും അദ്ദേഹത്തിന്റെ സാന്നിധ്യം പ്രധാനവുമാണ്' -ഫ്‌ളെമിങ് പറഞ്ഞു.
content highlights: Will Dhoni play next season? Chennai coach Stephen Fleming gives the answer