

അലയന്‍സ് അരീന പിഎസ്ജിയെ ചതിക്കില്ല; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ കന്നിക്കിരീടം സ്വന്തമാക്കിയ മൈതാനത്തെ പാരീസ് സെയ്ന്റ് ജര്‍മന്‍ മറക്കുകയുമില്ല. ആര്‍ത്തലച്ച മ്യൂണിക് നഗരം സാക്ഷി, ഒരിക്കല്‍ക്കൂടി കലാശപ്പോരിന് എത്തുകയാണ് പിഎസ്ജി. അതിന് വഴിയൊരുക്കിയതാകട്ടെ, കന്നിക്കിരീടം നേടിയ മൈതാനം! ത്രില്ലര്‍ പോരാട്ടങ്ങള്‍ക്കുശേഷമാണ് ഹംഗറിയിലെ ബുഡാപെസ്റ്റിലേക്ക് പിഎസ്ജിയുടെ ഫൈനല്‍ എന്‍ട്രി! നിലവിലെ ജേതാക്കളായ പിഎസ്ജിക്ക് കിരീടം നിലനിര്‍ത്താന്‍ ഒരുമത്സരംകൂടി കടന്നുകിട്ടണം, മുന്നില്‍ ആഴ്‌സനലെന്ന വമ്പന്മാര്‍. ഇനി കാണാന്‍ പോകുന്നതാണ് പൂരം!
രണ്ടാംപാദ സെമിഫൈനലിലേക്ക് ബയേണ്‍ മ്യൂണിക്കും പിഎസ്ജിയുമെത്തുമ്പോള്‍ ഒരുഗോളിന്റെ ബലത്തില്‍ മുന്നിലായിരുന്നു പിഎസ്ജി (5-4). ജയിക്കണമെന്നുറച്ച് കളത്തിലിറങ്ങിയ ബയേണിനെ ഞെട്ടിച്ച് മൂന്നാം മിനിറ്റില്‍ത്തന്നെ ഒസുമാനെ ഡെംബലെ ആദ്യവെടിപൊട്ടിച്ചു. മ്യൂണിക്കിന്റെ ഹൃദയം തകര്‍ത്തഗോള്‍പിറന്നത് ക്വിച്ച കവരത്സ്‌കെലിയയുടെ പാസില്‍നിന്ന് കിട്ടിയ പന്തിലൂടെ. ബോക്‌സിനുള്ളില്‍നിന്നുള്ള ബുള്ളറ്റ് ഷോട്ട് ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി വലയിലേക്ക്. പിന്നീടങ്ങോട്ട് മുന്നേറ്റവും പ്രതിരോധവും ഒരുപോലെ ത്രസിപ്പിച്ച മത്സരമായിരുന്നു അലയന്‍സ് അരീനയില്‍. ക്വിച്ച കവരത്സകെലിയ പലപ്പോഴും ബയേണിന് കടുത്ത തലവേദനയായി. ക്വിച്ചയുടെ മുന്നേറ്റങ്ങളെ തടയിടാനാകാതെ ബയേണ്‍ സ്വന്തം മൈതാനത്ത് വിയര്‍ത്തു. ഇടയ്ക്ക് മൈകല്‍ ഒലിസയിലൂടെ ബയേണും തിരിച്ചടിച്ചുകൊണ്ടിരുന്നെങ്കിലും ഒന്നും ഫലംകണ്ടില്ല. സ്‌കോര്‍ ബോര്‍ഡില്‍ 1-0 എന്നതുമാത്രമല്ല ബയേണിനെ നിരാശയിലാക്കിയത്, അതിനപ്പുറം രണ്ടുപാദത്തിലുമായി രണ്ടുഗോളിന് പിന്നിലാണ്.
മത്സരത്തിലേക്ക് തിരിച്ചെത്താനുള്ള എല്ലാവഴികളും തേടുകയായിരുന്നു ഹാരി കെയ്‌നും സംഘവും. രണ്ടാംപകുതിയിലെ നിരന്തര പോരാട്ടത്തിനൊടുവില്‍ പിഎസ്ജിയുടെ പ്രതിരോധത്തെ മറകടന്ന് ആതിഥേയര്‍ക്ക് ഗോളടിക്കാനായത് ഇഞ്ചുറിടൈമില്‍. 90+4-ാം മിനിറ്റില്‍ ഹാരി കെയ്‌ന്റെ ഗോളിലൂടെ മ്യൂണിക്കില്‍ സമനില പിറന്നു. അപ്പോഴും ഒരുഗോളിന് പിന്നിലായിരുന്നു ബയേണ്‍. ഏറെനേരം വൈകിയില്ല, പിഎസ്ജിക്ക് ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ച് റഫറി വിസിലൂതി. ലൂയി എന്റിക്വയുടെ സംഘം ഇനി ബുഡാപെസ്റ്റിലേക്ക്. കിരീടം നിലനിര്‍ത്തുക എന്നതുമാത്രമാണ് പിഎസ്ജിയുടെ ലക്ഷ്യം.
content highlights: PSG through to the final; now just one win away from the title