

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വി പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം എ ബേബി. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിലയിരുത്തലുകള്‍ ഉണ്ടായി. താഴെ തട്ട് മുതലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ കേള്‍ക്കും. പ്രവര്‍ത്തകരെ കേള്‍ക്കുന്നതാണ് എന്നും പാര്‍ട്ടി സമീപനമെന്നും എം എ ബേബി പറഞ്ഞു. സംസ്ഥാന സെക്രട്ടറി ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറിയല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താഴെ മുതലുള്ള പ്രവര്‍ത്തകരെ കേട്ടിട്ട് വന്നിട്ട് ചോദ്യങ്ങള്‍ക്ക് മറുപടി പറയാം എന്നായിരുന്നു എം എ ബേബി പറഞ്ഞത്. ഇത്ര കനത്ത പരാജയമുണ്ടായതിനെ കുറിച്ച് സഖാക്കള്‍ പറയുന്നത് കേള്‍ക്കുമെന്നും എം എ ബേബി വ്യക്തമാക്കി.
തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്. രാവിലെ പത്ത് മണിക്ക് ആരംഭിച്ച യോഗം രാത്രി പത്ത് മണി വരെ നീണ്ടിരുന്നു. സമീപകാലത്തൊന്നും ഇത്ര നീണ്ട സമയം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്നിട്ടില്ല. പരാജയപ്പെടാനുള്ള കാരണങ്ങള്‍ അടക്കം സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായി. അതിനിടെ നേതൃത്വത്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നു. ഇടപെടേണ്ട പല പ്രശ്‌നങ്ങളിലും കൃത്യമായ ഇടപെടലുണ്ടായില്ലെന്ന് നേതാക്കള്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം പലയിടത്തും പാളി. കണ്ണൂരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായില്ല. യാഥാര്‍ത്ഥ്യം അംഗീകരിച്ചു മുന്നോട്ടു പോകണമെന്നും അഭിപ്രായം ഉയര്‍ന്നു.
തോല്‍വി അടക്കം വിശദമായ പരിശോധിക്കുമെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ നേരിട്ടത് അപ്രതീക്ഷിത പരാജയമെന്നായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്. തിരിച്ചടിയില്‍ നിന്ന് പാഠം പഠിക്കുകയും ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ തിരുത്തലുകള്‍ വരുത്തിയും ഇടതുപക്ഷം തിരിച്ചുവന്ന ചരിത്രമാണ് കേരളത്തിലുള്ളത്. തിരിച്ചടിയുടെ കാരണങ്ങള്‍ വിശദമായി പരിശോധിക്കും. മെയ്, ജൂണ്‍ മാസത്തോടെ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളെയും വിളിച്ചുചേര്‍ത്ത് എല്ലാവര്‍ക്കും പറയാനുള്ളത് കേള്‍ക്കുകയും അത് മുഖവിലയ്‌ക്കെടുക്കുകയും ചെയ്യും. വിലയിരുത്തലുകള്‍ സത്യസന്ധമായിരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് എല്‍ഡിഎഫ് നേരിട്ടത്. യുഡിഎഫ് 102 സീറ്റില്‍ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എല്‍ഡിഎഫിന് 35 സീറ്റാണ് ലഭിച്ചത്. സംസ്ഥാനത്തിന്റ ചരിത്രത്തിലാദ്യമായി എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിച്ചു. കോണ്‍ഗ്രസ്-63, മുസ്ലിം ലീഗ്-22, കേരളാ കോണ്‍ഗ്രസ്-7, സ്വതന്ത്രര്‍-4, ആര്‍എസ്പി-3, ആര്‍എംപി-1, കേരള കോണ്‍ഗ്രസ് ജേക്കബ്-1, സിഎംപി-1 എന്നിങ്ങനെയാണ് യുഡിഎഫിന്റെ വോട്ട് നില. സിപിഐഎം-26, സിപിഐ-8, ആര്‍ജെഡി-1 എന്നിങ്ങനെയാണ് എല്‍ഡിഎഫ് വോട്ട് നില. നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്.
Content Highlights- CPI(M) leader M A Baby stated that the party will conduct a detailed discussion on its election defeat and ensure that feedback from grassroots workers is heard