'പരാജയ കാരണം പിണറായി വിജയൻ അല്ല, കഴിഞ്ഞ 10 വർഷത്തിനിടെ സംഘടന ദുർബലമായി': പി കെ ഗുരുദാസൻ റിപ്പോർട്ടറിനോട്

'ജനങ്ങൾ അകലാൻ തക്ക ഒരു കമന്റും പിണറായി വിജയൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല'

'പരാജയ കാരണം പിണറായി വിജയൻ അല്ല, കഴിഞ്ഞ 10 വർഷത്തിനിടെ സംഘടന ദുർബലമായി': പി കെ ഗുരുദാസൻ റിപ്പോർട്ടറിനോട്
dot image

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പി കെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും പാർട്ടി ശൈലിയിൽ മാറ്റം വരുത്തണമെന്നും പി കെ ഗുരുദാസൻ റിപ്പോർട്ടറിനോട് പറഞ്ഞു. ജനങ്ങൾക്കിടയിൽ പാർട്ടി തകർന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ദുർബലമായെന്നും അദ്ദേഹം പറഞ്ഞു.

പരാജയ കാരണം പാർട്ടിയാണ്. സർക്കാരിന്റെ വീഴ്ചയല്ല. അഴിമതിരഹിതമായി സർക്കാർ പ്രവർത്തിച്ചു. കഴിഞ്ഞ 10 വർഷക്കാലം സിപിഐഎമ്മിന് പ്രാദേശികമായി സമരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ജനങ്ങളുമായുള്ള ബന്ധത്തിൽ പുനരാലോചന വേണം. ജനങ്ങൾക്കിടയിൽ പാർട്ടി സംഘടന തകർന്നു. സംസ്ഥാന സെക്രട്ടറിയേറ്റിനും ജില്ലാ കമ്മിറ്റികൾക്കും വീഴ്ച പറ്റിയെന്നും ഗുരുദാസൻ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിൻ്റെ പരാജയ കാരണം പിണറായി വിജയനാണെന്ന് കരുതുന്നില്ല. ജനങ്ങൾ അകലാൻ തക്ക ഒരു കമന്റും പിണറായി വിജയൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. സംഘടനാ സംവിധാനത്തെ യാന്ത്രികമായി കണ്ടു. പാർട്ടിക്കുള്ളിൽ വളർന്നുവന്ന അസംതൃപ്തി മനസിലാക്കി കൈകാര്യം ചെയ്യാൻ ശ്രദ്ധ കുറവുണ്ടായെന്നും അദ്ദേഹം വിമർശിച്ചു.

ഭരണവും സമരവും എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാൽ തെറ്റ് തിരുത്താനാകുമായിരുന്നു. ഭരണവും സമരവും സംയോജിപ്പിച്ച് കൊണ്ടുപോകുന്നതിൽ വീഴ്ച പറ്റി. അടിത്തട്ടിൽ ഇറങ്ങി സാധാരണക്കാരെ സ്വാധീനിക്കുന്ന തലത്തിലുള്ള പ്രവർത്തനത്തിന് ചോർച്ച വന്നു. തങ്ങൾക്ക് തെറ്റ് പറ്റിയെന്ന് ജനങ്ങളോട് പറയാൻ കഴിയണം. ഒപ്പം തിരുത്തി കൊണ്ട് ജനങ്ങളുടെ കൂടെ തങ്ങൾ ഉണ്ടെന്ന് പറയാൻ പാർട്ടി ബാധ്യസ്ഥരാണെന്നും അങ്ങനെയാണെങ്കിൽ മാത്രമേ പാർട്ടിക്ക് വളരാൻ കഴിയുകയുള്ളുവെന്നും ഗുരുദാസൻ വ്യക്തമാക്കി.

Content Highlight : Senior leader P K Gurudasan harply criticized the CPI(M) for its defeat in the assembly elections.

dot image
To advertise here,contact us
dot image