

ഇന്ത്യൻ സൂപ്പർ ലീഗിൽ നിരാശയും തോൽവിയും തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. പഞ്ചാബ് എഫ്സിക്കെതിരെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് വീണ്ടും തോൽവി വഴങ്ങിയിരിക്കുന്നത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കൊച്ചിയിൽ പഞ്ചാബ് എഫ്സി വിജയം സ്വന്തമാക്കിയത്.
ആദ്യ പകുതിയിൽ മൂന്ന് ഗോൾ വഴങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. രണ്ടാം പകുതിയിൽ ഒരു ഗോൾ നേടിയത് മാറ്റി നിർത്തിയാൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നു. ഇതോടെ സീസണിൽ ഒരു മത്സരത്തിലും ബ്ലാസ്റ്റേഴ്സിന് ഇതുവരെ വിജയം സ്വന്തമാക്കാനായിട്ടില്ല.
ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ച ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് പഞ്ചാബിനെതിരെ ഇറങ്ങിയത്. എന്നാൽ ഏഴാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് പഞ്ചാബ് ലീഡെടുത്തു. ബ്ലാസ്റ്റേഴ്സ് ഗോളിയുടേയും പ്രതിരോധ നിരയുടേയും പിഴവ് മുതലെടുത്ത് പഞ്ചാബ് താരം അഡ്രിയാൻ സെൽജ്കോവിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ വല ആദ്യം കുലുക്കിയത്.
ലീഡെടുത്തതോടെ പഞ്ചാബ് ആധിപത്യം തുടർന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധവും മുന്നേറ്റവും ഒരുപോലെ പാളുന്നതാണ് കാണാനായത്. 18-ാം മിനിറ്റിൽ ബെഡെ ഒസൂജിയും 38-ാം മിനിറ്റിൽ ഡാനി റാമിറെസും ഗോൾ നേടിയതോടെ ആദ്യ പകുതിക്ക് മുൻപേ ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളിന്റെ ലീഡ് വഴങ്ങി. 65-ാം മിനിറ്റിൽ ഫാലോ എൻഡിയായെയിലൂടെ ബ്ലാസ്റ്റേഴ്സ് അക്കൗണ്ട് തുറന്നെങ്കിലും അത് ആശ്വാസ ഗോൾ മാത്രമായി മാറി.
Content Highlights: ISL 2025-26: Kerala Blasters Defeat continues with 3-1 loss against Punjab FC