ഭൂമി തരംമാറ്റത്തിന് കൈക്കൂലി; വില്ലേജ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍

അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും

ഭൂമി തരംമാറ്റത്തിന് കൈക്കൂലി; വില്ലേജ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍
dot image

തിരുവനന്തപുരം: ഭൂമി തരംമാറ്റി നല്‍കാന്‍ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റിനെ പിടികൂടി വിജിലന്‍സ്. 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് നെടുമങ്ങാട് സ്വദേശിയായ മുട്ടത്തറ വില്ലേജ് അസിസ്റ്റന്റ് അസറുദ്ദീന്‍ (37) വിജിലന്‍സിന്റെ പിടിയിലായത്. വീട് വെക്കാന്‍ 3 സെന്റ് ഭൂമി തരംമാറ്റി നല്‍കാനുള്ള അപേക്ഷ വൈകിച്ച ശേഷമാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്.

മുട്ടത്തറ വില്ലേജ് ഓഫീസില്‍ വെച്ച് വള്ളക്കടവ് സ്വദേശിയായ പരാതിക്കാരനില്‍ നിന്നും പണം വാങ്ങവേ വിജിലന്‍സ് കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. വള്ളക്കടവില്‍ വീട് നിര്‍മിക്കുന്നതിനായി വാങ്ങിയ സ്ഥലം തരം മാറ്റുന്നതിനായി പരാതിക്കാരന്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയിരുന്നു. നടപടി ക്രമങ്ങള്‍ വൈകിയതിനാല്‍ പരാതിക്കാരന്‍ നേരിട്ടെത്തി വില്ലേജ് അസിസ്റ്റന്റായ അസറുദ്ദീനെ കാണുകയും തുടര്‍ന്ന് ഭൂമി തരംമാറ്റി കിട്ടാന്‍ സാങ്കേതിക തടസ്സങ്ങളുണ്ടെന്നും നടപടികള്‍ വേഗത്തിലാക്കാന്‍ 5,000 രൂപ കൈകൂലി നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

പരാതിക്കാരന്‍ വിവരം ഉടന്‍ തന്നെ വിജിലന്‍സിനെ അറിയിക്കുകയും അവരുടെ നിര്‍ദ്ദേശപ്രകാരം വില്ലേജ് ഓഫീസിലെത്തി അസറുദ്ദീന് പണം കൈമാറുകയും ചെയ്തു. പണം വാങ്ങിയ ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന വിജിലന്‍സ് സംഘം ഓഫീസില്‍ പ്രവേശിച്ച് അസറുദ്ദീനെ കയ്യോടെ പിടികൂടി. കേസില്‍ വിജിലന്‍സിന്റെ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

Content Highlights: Village Assistant Caught by Vigilance for Accepting Bribe to Change Land Classification

dot image
To advertise here,contact us
dot image