

തിരുവനന്തപുരം: അധിക്ഷേ പരാമര്‍ശം നടത്തിയ ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിനെ തള്ളി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. ബസില്‍ സര്‍ക്കാര്‍ നല്‍കിയ അവകാശമാണ് സൗജന്യയാത്രയെന്ന് കെ മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്തെ ആശുപത്രികളില്‍ വരാന്തയില്‍ കിടത്തി ചികിത്സിക്കാറില്ലെന്നും അത്തരം രീതി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
'ചികിത്സ അവരുടെ അവകാശമാണ് സൗജന്യമല്ല. വരാന്തയില്‍ കിടക്കുന്ന സാഹചര്യം ഞങ്ങള്‍ ഒഴിവാക്കി കൊണ്ടിരിക്കുന്നു. രണ്ട് മെഡിക്കല്‍ കോളേജുകളില്‍ പൂര്‍ണ്ണമായും നിലത്ത് കിടക്കുന്നത് ഒഴിവാക്കി. അടുത്ത സ്റ്റെപ്പ് തൃശൂരാണ്', കെ മുരളീധരന്‍ പറഞ്ഞു.
ബസിന് കാശില്ലാത്ത സ്ത്രീകള്‍ ഫീസ് നല്‍കി സ്വകാര്യ സ്‌കൂളിലേക്ക് കുട്ടികളെ വിടുന്നുവെന്ന ഗതാഗതമന്ത്രിയുടെ പരാമര്‍ശമാണ് വിവാദമായത്. സര്‍ക്കാര്‍ സ്‌കൂളില്‍ സീറ്റ് ഒഴിഞ്ഞു കിടക്കുന്നുവെന്നും ഫീസ് കൊടുക്കേണ്ടതില്ലാത്ത പ്രൈവറ്റില്‍ പോലും കുട്ടികളെ വിടാതെ ഫീസ് കൊടുക്കേണ്ട സ്‌കൂളിലേക്ക് വിടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ഇതേ സ്ത്രീ അച്ഛനെയും ഭര്‍ത്താവിനെയും കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയിലെ വരാന്തയില്‍ കിടക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുന്നു. സ്വകാര്യ ആശുപത്രിയില്‍ നല്‍കാന്‍ പണമില്ല, ബസ് വന്നാല്‍ കാശ് കുറഞ്ഞ ട്രാന്‍സ്‌പോര്‍ട്ടില്‍ തള്ളിക്കയറും. പ്രിയദര്‍ശിനി വന്നപ്പോള്‍ സ്വകാര്യ ബസ് വിട്ട് പ്രിയദര്‍ശിനിയില്‍ തിക്കി തിരക്കി ആളുകള്‍ പോകുന്നതിന്റെ കാരണം സ്വകാര്യ ബസിനോടുള്ള വിരോധമോ എന്നോടുള്ള സ്‌നേഹമോ അല്ല, കുടുംബിനികള്‍ക്ക് കയ്യില്‍ കാശ് ഇല്ലാത്തത് കൊണ്ടാണ്', സി പി ജോണ്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.
സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം. സ്ത്രീകള്‍ ദാരിദ്ര്യം അഭിനയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പണക്കാര്‍ പാവപ്പെട്ടവരായി അഭിനയിക്കുന്നു, പരമദരിദ്രനായി അഭിനയിക്കുന്നുവെന്നും അത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി പി ജോണിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി.
Content Highlights: Health Minister K Muraleedharan has distanced himself from the controversial remarks made by Transport Minister C P John