

2025-26 ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക മെഡിക്കൽ പാർട്ണറായി പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ ആസ്റ്റർ മെഡ്സിറ്റിയെ പ്രഖ്യാപിച്ചു. ക്ലബ്ബിലെ താരങ്ങളുടെയും സ്റ്റാഫിന്റെയും ആരോഗ്യം, ശാരീരികക്ഷമത, മികച്ച ചികിത്സാ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതാണ് ഈ പങ്കാളിത്തം.
ലോകോത്തര നിലവാരത്തിലുള്ള രോഗനിർണ്ണയ സംവിധാനങ്ങളും ചികിത്സാ സൗകര്യങ്ങളുമുള്ള ആസ്റ്റർ മെഡ്സിറ്റി, ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കായികക്ഷമത നിലനിർത്തുന്നതിലും പരിക്കുകളിൽ നിന്നുള്ള വേഗത്തിലുള്ള വീണ്ടെടുപ്പിലും നിർണ്ണായക പങ്ക് വഹിക്കും. ഓർത്തോപീഡിക്സ്, കാർഡിയാക് സയൻസ്, ട്രോമ കെയർ തുടങ്ങിയ വിഭാഗങ്ങളിലെ ആസ്റ്റർ മെഡ്സിറ്റിയുടെ വൈദഗ്ധ്യം ക്ലബ്ബിന്റെ മെഡിക്കൽ വിഭാഗത്തിന് വലിയ കരുത്താകും.
ഈ പങ്കാളിത്തത്തിലൂടെ ടീമിന് മികച്ച മെഡിക്കൽ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം പരിക്കുകൾ തടയുന്നതിനുള്ള നൂതന മാർഗങ്ങൾ, മെച്ചപ്പെട്ട റീഹാബിലിറ്റേഷൻ രീതികൾ, സമഗ്രമായ ആരോഗ്യ പരിപാലന പരിപാടികൾ എന്നിവയിൽ ഇരു കൂട്ടരും സഹകരിച്ച് പ്രവർത്തിക്കും.
പങ്കാളിത്തത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു:
"ആസ്റ്റർ മെഡ്സിറ്റിയെ കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ട്. താരങ്ങളുടെ ആരോഗ്യത്തിനും മികച്ച പ്രകടനത്തിനും ഞങ്ങൾ നൽകുന്ന മുൻഗണനയുടെ പ്രതിഫലനമാണ് ഈ സഹകരണം. ആസ്റ്റർ മെഡ്സിറ്റിയെപ്പോലൊരു പ്രമുഖ സ്ഥാപനവുമായി കൈകോർക്കുന്നത് ക്ലബ്ബിന്റെ മെഡിക്കൽ സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും ഇന്ത്യൻ ഫുട്ബോളിന്റെ നിലവാരം ഉയർത്താനുള്ള ഞങ്ങളുടെ കാഴ്ചപ്പാടിന് ഊർജ്ജം നൽകുകയും ചെയ്യും."
ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. സുഹൈബ് ഖാദർ പറഞ്ഞു:
"കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ മെഡിക്കൽ പാർട്ണറാകാൻ സാധിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. കായികതാരങ്ങളുടെ ആരോഗ്യത്തിനും മികവിനും ഞങ്ങൾ വലിയ പ്രാധാന്യമാണ് നൽകുന്നത്. കേവലം ഒരു മെഡിക്കൽ പിന്തുണ എന്നതിലുപരി, താരങ്ങളുടെ കരുത്തും പ്രകടനവും മെച്ചപ്പെടുത്തുന്നതിൽ പങ്കുചേരാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ക്ലബ്ബുമായി ചേർന്ന് താരങ്ങൾക്കും സ്റ്റാഫിനും ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്."
Content Highlights: Aster Medcity becomes the official medical partner of Kerala Blasters