

ബെംഗളൂരു: 2028ലും കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേറുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്നാൽ നേതൃസ്ഥാനത്ത് ആരുവരുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കും. മൈസൂർ എയർപോർട്ടിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് സിദ്ധരാമയ്യയുടെ പ്രതികരണം.
കർണാടക കോൺഗ്രസ് മുക്തമാകുന്ന കാലം വരുമെന്നും ജെഡി(എസ്) അധികാരത്തിൽ വരുമെന്നുമുള്ള എച്ച് ഡി ദേവഗൗഡയുടെ വാക്കുകൾക്ക് മറുപടിയായാണ് സിദ്ധരാമയ്യയുടെ പ്രതികരണം. ജെഡിഎസ് അധികാരത്തിൽ വരില്ല, ഏത് അർത്ഥത്തിലാണ് അങ്ങനെ പറയുന്നതെന്ന് എനിക്കറിയില്ല എന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.
ഞാൻ ജെഡി(എസ്) പ്രസിഡന്റായിരുന്നപ്പോൾ 2004 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവർക്ക് 58 സീറ്റുകളും 2023 ൽ 19 സീറ്റുകളും ലഭിച്ചു. ഞങ്ങൾക്ക് 135 സീറ്റുകൾ ലഭിച്ചു, ഇപ്പോൾ ഞങ്ങൾക്ക് 140 സീറ്റുകളുണ്ട്. ജെഡി(എസ്) ഉം ബിജെപിയും ഒരുമിച്ച് നിന്നാൽ പോലും ഭൂരിപക്ഷം നേടാൻ കഴിയില്ല. പിന്നെങ്ങനെ ഇവർ അധികാരത്തിൽ വരുമെന്ന് സിദ്ധരാമയ്യ ചൂണ്ടികാട്ടി.
പ്രജ്വല്‍ രേവണ്ണയുടെ കേസ് കൈകാര്യം ചെയ്ത എസ്‌ഐടി ഉദ്യോഗസ്ഥര്‍ക്ക് 30 ലക്ഷം രൂപ പാരിതോഷികം നല്‍കിയെന്ന എച്ച്‌ഡി ദേവഗൗഡയുടെയും എച്ച്‌ഡി കുമാരസ്വാമിയുടെയും ആരോപണങ്ങളെ തള്ളിപറഞ്ഞു കൊണ്ടായിരുന്നു സിദ്ധരാമയ്യ മാധ്യമങ്ങൾക്ക് മറുപടി നൽകിയത്.
Content Highlights: Karnataka Chief Minister Siddaramaiah said that the Congress will continue to rule the state even in 2028