

അനിശ്ചിതങ്ങൾക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സ് വലിയ തിരിച്ചടികളാണ് നേരിടുന്നത്. ഇതിനോടകം ടീമിന്റെ എല്ലാ വിദേശ താരങ്ങളും ക്ലബ്ബ് വിട്ടുകഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു അപ്രതീക്ഷിത നീക്കമാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി യുവതാരങ്ങളും സഹോദരങ്ങളുമായ മുഹമ്മദ് അസറും മുഹമ്മദ് ഐമനും ക്ലബ്ബ് വിട്ടിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ അക്കാദമിയിലൂടെ വളർന്നുവന്ന ഇരട്ട സഹോദരങ്ങളാണ് ഐമനും അസ്ഹറും. ഐഎസ്എല്ലിന്റെ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ആരാധകരെ ഞെട്ടിച്ച പടിയിറക്കം.
കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പരസ്പര ധാരണയോടെയാണ് താരങ്ങളെ റിലീസ് ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചത്. താരങ്ങളുടെ വളർച്ചയിൽ അഭിമാനമുണ്ടെന്നും അവരുടെ ഭാവിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
Content Highlights: ISL 2025–26: twins Mohammed Aimen and Mohammed Azhar leaves Kerala Blasters