

പോര്‍ച്ചുഗല്ലിന്റെ ഇതിഹാസം താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതിമക്ക് തീവെച്ച് യുവാവ്. പ്രതിമയിൽ തീ പടരുമ്പോൾ റാപ്പ് മ്യൂസിക്കിട്ട് നൃത്തം ചെയ്യുന്നതും വ്യക്തം. സംഭവത്തിന് പിന്നാലെ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. റൊണാൾഡോയുടെ ജന്മനാടായ ഫഞ്ചലിലെ CR7 മ്യൂസിയത്തിന് സമീപമുള്ള വെങ്കല പ്രതിമയാണ് അക്രമി തീയിട്ട് നശിപ്പിച്ചത്.
"ഇത് ദൈവത്തിന്റെ അവസാന താക്കീത്"എന്ന അടികുറിപ്പോടെ 'zaino.tcc.filipe' എന്ന പ്രൊഫൈലിൽ നിന്നാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടത്. ഒരാൾ റൊണാള്‍ഡോയുടെ പ്രതിമയ്ക്ക് മുകളിൽ ദ്രാവകം ഒഴിക്കുന്നതും, തുടർന്ന് തീ കൊളുത്തുന്നതും വിഡിയോയിൽ വ്യക്തം. ശേഷം പ്രതിമ കത്തിയെരിയുമ്പോൾ റാപ്പ് മ്യൂസിക്കിനൊപ്പം നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം.
വീഡിയോ പെട്ടെന്നുത്തന്നെ വ്യാപിക്കുകയും, ലോകമെമ്പാടുമുള്ള റൊണാൾഡോ ആരാധകർക്കിടയിൽ സംഭവം വലിയ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തിരുന്നു. വൈറലാകാൻ വേണ്ടി ചെയ്ത ഈ പ്രവർത്തിയിൽ വലിയ വിമർശനമാണ് ഫുട്ബോള്‍ പ്രേമികൾക്കിടയിൽ നിന്ന് ഉയരുന്നത്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നുള്ള പോർച്ചുഗീസ് പബ്ലിക് സെക്യൂരിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇയാൾ ഇതിനുമുമ്പും സമാനമായ അതിക്രമങ്ങൾ നടത്തിയിട്ടേണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Content highlight: Police arrest man for setting Ronaldo's statue on fire