ICC ക്ക് ഇരട്ടത്താപ്പ്, ഇന്ത്യയ്ക്ക് മാത്രമെന്താണിത്ര പ്രിവിലേജ്'; വിമർശനവുമായി ബംഗ്ലാദേശ്

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് ഇരട്ടത്താപ്പാണെന്നാരോപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് രംഗത്ത്

ICC ക്ക് ഇരട്ടത്താപ്പ്, ഇന്ത്യയ്ക്ക് മാത്രമെന്താണിത്ര പ്രിവിലേജ്'; വിമർശനവുമായി ബംഗ്ലാദേശ്
dot image

ടി20 ലോകകപ്പിൽ നിന്നും ബംഗ്ലാദേശ് പിന്‍മാറിയതാണ് ക്രിക്കറ്റ് ലോകത്തെ ഏറ്റവും പുതിയ വാർത്ത.

സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാകില്ലെന്നും വേദി ടൂര്‍ണമെന്‍റിന്‍റെ സഹ ആതിഥേയരായ ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ(ബിസിബി) ആവശ്യം ഐസിസി തളളിയതിനെത്തുടര്‍ന്നാണ് ബംഗ്ലാദേശ് ലോകകപ്പില്‍ നിന്ന് പിന്‍മാറിയത്.

ബംഗ്ലാദേശിന്‍റെ ഗ്രൂപ്പ് മാറ്റി ശ്രീലങ്കയില്‍ കളിക്കാനുള്ള അവസരം ഒരുക്കണമെന്ന ബിസിബിയുടെ ആവശ്യവും തള്ളിയ ഐസിസി കഴിഞ്ഞ ദിവസം അന്തിമതീരുമാനം അറിയിക്കണമെന്ന് വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ കളിക്കാരുമായും സര്‍ക്കാരിന്‍റെ കായിക ഉപദേഷ്ടാവ്  ആസിഫ് നസ്റുലുമായും കൂടിക്കാഴ്ച നടത്തിയശേഷം ബിസിബി പ്രസിഡന്‍റ് അമീനുള്‍ ഇസ്ലാമാണ് ഇന്ത്യയില്‍ ലോകകപ്പ് കളിക്കാനില്ലെന്നും പിന്‍മാറുകയാണെന്നും പ്രഖ്യാപിച്ചത്.

ഐ സി സി ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ബംഗ്ലാദേശിന്റെ പിന്മാറ്റം.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് ഇരട്ടത്താപ്പാണെന്നാണ് ബംഗ്ലാദേശിന്റെ ആരോപണം.

1996, 2003 വർഷങ്ങളിലെ ഏകദിന ലോകകപ്പുകളിൽ ചില വേദികളിൽ കളിക്കാൻ ഓസ്‌ട്രേലിയ, വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകൾ വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് മത്സരങ്ങൾ ഉപേക്ഷിച്ചതിന്‍റെ മുൻകാല സംഭവങ്ങൾ ഐസിസി തങ്ങള്‍ക്ക് മുന്നിൽ അവതരിപ്പിച്ചതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് അമിനുൾ ഇസ്ലാം വെളിപ്പെടുത്തി. എന്നാല്‍, സുരക്ഷാ കാരണങ്ങളാൽ പാകിസ്താനിലേക്ക് പോകാൻ വിസമ്മതിച്ചതിന് ശേഷം ഇന്ത്യ ദുബൈയിൽ മത്സരങ്ങൾ കളിച്ച 2025 ചാമ്പ്യൻസ് ട്രോഫിയുടെ ഉദാഹരണം ഉദ്ധരിച്ചുകൊണ്ട് ബിസിബി ഐസിസിയുടെ വാദത്തെ എതിർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഹ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്‍റില്‍, ബംഗ്ലാദേശിനും നിഷ്പക്ഷ വേദിയിൽ മത്സരങ്ങൾ കളിക്കാനുള്ള സൗകര്യം നൽകേണ്ടതായിരുന്നുവെന്ന് അമിനുൽ വാദിച്ചു. ശ്രീലങ്കയെ സഹ ആതിഥേയർ എന്ന് വിളിക്കുന്നുണ്ട്. പക്ഷേ അവർ യഥാർത്ഥത്തിൽ അവര്‍ സഹ ആതിഥേയത്വം വഹിക്കുന്നവരല്ല.

ഒരു രാജ്യം മാത്രം കളിക്കാൻ ഷെഡ്യൂൾ ചെയ്തിട്ടുള്ള ഒരു ഹൈബ്രിഡ് മോഡലിന്‍റെ ഭാഗമാണ് ശ്രീലങ്ക. ഇന്ത്യയിൽ കളിക്കാൻ ഞങ്ങളുടെ സർക്കാർ മടിക്കുന്നതിനാൽ, അതേ സാധ്യത പ്രയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഐസിസിയോട് സൂചിപ്പിച്ചു. എന്നിട്ടും, അവർ തങ്ങളുടെ അഭ്യർത്ഥന നിരസിച്ചുവെന്നും ശ്രീലങ്കയിൽ ലോകകപ്പ് കളിക്കാൻ ബംഗ്ലാദേശ് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights- bangladesh qustioned india privilege in icc after t 20 worldcup exit

dot image
To advertise here,contact us
dot image