

അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് പദയാത്ര. മമ്മൂട്ടി കമ്പനി നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ടൈറ്റിൽ പ്രഖ്യാപനത്തിനോടൊപ്പം സിനിമയുടെ പൂജയും നടന്നു. സിനിമയുടെ ടൈറ്റിൽ പോസ്റ്ററും പിന്നാലെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു മമ്മൂട്ടി ചിത്രവുമായിട്ടുള്ള ഈ പോസ്റ്ററിന്റെ സാമ്യം ആണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
മമ്മൂട്ടി ചിത്രമായ ബിഗ് ബിയുടെ ക്ലൈമാക്സിൽ കടപ്പുറത്ത് കൂടി സ്ലോ മോഷനിൽ നടന്നുവരുന്ന മമ്മൂട്ടിയുടെ സീനുണ്ട്. ഈ നടത്തത്തെ ഓർമിപ്പിക്കുന്നതാണ് പദയാത്ര ടൈറ്റിൽ പോസ്റ്ററിലെ ചിത്രം എന്നാണ് ഒരാൾ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. 'ബിലാൽ നടന്ന് പോവുന്ന പോലെ ഇല്ലെ.. ക്ലൈമാക്സിൽ സ്ലോമോഷനിൽ നടന്ന് സായിപ്പിൻ്റെ അടുത്ത് എത്തുന്നത് വരെ ബിലാൽ അനുഭവിച്ച ആത്മസംഘർഷം ആയിരിക്കും പ്ലോട്ട് എന്ന് തോന്നുന്നു', എന്നാണ് പോസ്റ്റിന്റെ ക്യാപ്ഷൻ. 'അപ്പോൾ ഇത് ബിലാൽ 2 ആണോ', 'അടൂർ മമ്മൂട്ടിയെ ഇന്ത്യ മുഴുവൻ നടത്തിക്കുമോ?' എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ.
തകഴിയുടെ പ്രസിദ്ധ നോവലായ രണ്ടിടങ്ങഴിയാണ് അടൂർ സിനിമയാക്കാൻ ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, കഥയും തിരക്കഥയും സംഭാഷണവും അടൂർ ഗോപാലകൃഷ്ണനും കെ വി മോഹൻകുമാറും ചേർന്ന് നിർവഹിക്കുന്നു എന്നാണ് പോസ്റ്ററിലുള്ളത്. മുഖ്യ സംവിധാന സഹായി മീരസാഹിബ്, ഛായാഗ്രഹണം ഷെഹ്നാദ് ജലാൽ, ചിത്രസംയോജനം പ്രവീൺ കുമാർ, കലാ സംവിധാനം ഷാജി നടുവിൽ, സംഗീത സംവിധാനം മുജീബ് മജീദ് തുടങ്ങിയവരാണ് അണിയ പ്രവർത്തകർ. പോസ്റ്റർ ഡിസൈനിലും വാക്കുകളിലുമെല്ലാം പഴമയുടെ രസക്കൂട്ടുകളുമായാണ് പദയാത്ര എത്തുന്നത് എന്ന പ്രത്യേകതയുണ്ട്.

ഇത് നാലാം തവണയാണ് മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നത്. 1987 ൽ പുറത്തിറങ്ങിയ അനന്തരം എന്ന സിനിമയിലാണ് ആദ്യമായി അടൂരും മമ്മൂട്ടിയും ഒന്നിച്ചത്. തുടർന്ന് വിധേയൻ, മതിലുകൾ എന്നീ അടൂർ സിനിമകളിൽ മമ്മൂട്ടി മുഖ്യ വേഷങ്ങളിലെത്തി. മതിലുകളിൽ വൈക്കം മുഹമ്മദ് ബഷീറിനെയും വിധേയനിൽ വില്ലനായ ഭാസ്‌കര പട്ടേലർ എന്ന ജന്മിയെയുമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ സുപ്രധാന വേഷങ്ങളായി ഇവ രണ്ടും മാറിയിരുന്നു. വിധേയനിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചു. സംസ്ഥാന അവാർഡും സിനിമയ്ക്ക് ലഭിച്ചിരുന്നു. 2016 ൽ പുറത്തിറങ്ങിയ പിന്നെയും ആണ് അടൂരിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാനത്തെ സിനിമ.
Content Highlights: Mammootty- Adoor film padayathra poster gets comparison from amal neerad film big b