'ട്വന്റി20 റിക്രൂട്ടിങ് ഏജന്‍സിയുടെ ഭാഗം? മതവും ജാതിയും ചോദിച്ചുള്ള അപേക്ഷ പാർട്ടിക്കുള്ളില്‍ വിതരണം ചെയ്തു'

നിലവിലെ പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും മുന്‍പ് ജനപ്രതിനിധികളായിരുന്നവരും ഉള്‍പ്പെടെ നിരവധി പേര്‍ ട്വന്‍റ20യില്‍ നിന്ന് രാജിക്കൊരുങ്ങുകയാണ്

'ട്വന്റി20 റിക്രൂട്ടിങ് ഏജന്‍സിയുടെ ഭാഗം? മതവും ജാതിയും ചോദിച്ചുള്ള അപേക്ഷ പാർട്ടിക്കുള്ളില്‍ വിതരണം ചെയ്തു'
dot image

തിരുവനന്തപുരം: എൻഡിഎയുമായി സഖ്യമുണ്ടാക്കിയതോടെ ട്വന്‍റി 20യുടെ കൂടുതൽ നേതാക്കളും പ്രവർത്തകരും കോണ്‍ഗ്രസിൽ. വടുവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, മഴുവന്നൂര്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ രഞ്ജു പുളിഞ്ചോടന്‍, ഐക്കരനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ജീല്‍ മാവേലി എന്നിവര്‍ കോണ്‍ഗ്രസിൽ ചേർന്നു. നിലവിലെ പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും മുന്‍പ് ജനപ്രതിനിധികളായിരുന്നവരും ഉള്‍പ്പെടെ നിരവധി പേര്‍ ട്വന്‍റ20യില്‍ നിന്ന് രാജിക്കൊരുങ്ങുകയാണ്. ഇവർ ഉടൻ കോണ്‍ഗ്രസിൽ ചേരുമെന്ന് റസീന പരീത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ട്വന്‍റി 20യുടെ എൻഡിഎ പ്രവേശനം മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരാണെന്നും തങ്ങളോട് കൂടിയാലോചിക്കാതെയാണ് ചീഫ് കോർഡിനേറ്റർ സാബു ജേക്കബ് തീരുമാനം എടുത്തതെന്നും വാർത്താസമ്മേളനത്തിൽ നേതാക്കൾ ഉന്നയിച്ചു. 'ഇത്തരത്തില്‍ ഒരു ലയനം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിത നീക്കമാണ് പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായത്. അതിനോട് യോജിക്കാന്‍ കഴിയാത്ത നിരവധി പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടിയിലുണ്ട്. ട്വന്റി20യെ ഒരു റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി പലരും കാണുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ജാതിയും മതവുമടക്കം പൂരിപ്പിക്കാനുള്ള കോളങ്ങള്‍ അടങ്ങിയ ഫോം പാര്‍ട്ടിക്കുള്ളില്‍ വിതരണം ചെയ്തിരുന്നു. അന്ന് അത്രയ്ക്ക് ചിന്തിക്കാതിരുന്നതിനാല്‍ ഞങ്ങള്‍ക്ക് ഒന്നും മനസിലായില്ല. എന്നാല്‍ ഇപ്പോള്‍ മനസിലാകുന്നു ഇത് ഒരു റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ ഭാഗമാണെന്ന്', റസീന പരീത് ആരോപിച്ചു.

ഇന്നലെ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു ട്വന്റി20 അധ്യക്ഷൻ സാബു എം ജേക്കബ് എന്‍ഡിഎ പ്രവേശന തീരുമാനം പ്രഖ്യാപിച്ചത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക മുന്നണി പ്രവേശനവും നടന്നു. കേരളത്തിന്റെ വികസന ദർശനത്തിലും 'വികസിത കേരളം' എന്ന ആശയത്തിലും ആകൃഷ്ടനായാണ് എൻഡിഎയുമായി സഖ്യമുണ്ടാക്കിയതെന്നാണ് മുന്നണി പ്രവേശനത്തിനുള്ള കാരണമായി സാബു എം ജേക്കബ് വ്യക്തമാക്കിയത്. സ്വതന്ത്രമായി പ്രവർത്തിച്ചാൽ വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളം ജില്ലയിലെ കുന്നത്തുനാട്, കിഴക്കമ്പലം തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള ട്വന്റി20, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എട്ട് മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. ചിലയിടങ്ങളിൽ ബിജെപിയെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്താനും സാധിച്ചു. കുന്നത്തുനാട്ടിൽ ശക്തമായ മത്സരം കാഴ്ചവെച്ച പാർട്ടി 41,890 വോട്ട് നേടി മൂന്നാം സ്ഥാനത്തും എത്തി. എൻഡിഎയുമായുള്ള സഖ്യം ഈ മേഖലകളിൽ ബിജെപിയുടെ സാധ്യതകൾ വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, പാർട്ടിക്കുള്ളിൽ അതൃപ്തിയാണ് ട്വന്റി20ക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നത്.

Content Highlight; Twenty20 split; more activists and leaders will join Congress

dot image
To advertise here,contact us
dot image