5000 റൺസിലേക്ക് റെക്കോർഡ് വേഗം; വനിതാ ഏകദിന ക്രിക്കറ്റിൽ ചരിത്ര നേട്ടവുമായി മന്ദാന

ഒരു കലണ്ടര്‍ വര്‍ഷം ഏകദിനങ്ങളില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ വനിതാ ബാറ്ററെന്ന റെക്കോര്‍ഡ് സ്മൃതി മന്ദാന സ്വന്തമാക്കി

5000 റൺസിലേക്ക് റെക്കോർഡ് വേഗം; വനിതാ ഏകദിന ക്രിക്കറ്റിൽ ചരിത്ര നേട്ടവുമായി മന്ദാന
dot image

വനിതാ ഏകദിന ക്രിക്കറ്റില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന. നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് സ്മൃതി. ലോകത്തെ അഞ്ചാമത്തെ താരവും. ഇതിന് മുമ്പ് മിതാലി രാജാണ് 5000 റൺസ് കടന്ന ഇന്ത്യൻ ബാറ്റർ.

വേഗത്തില്‍ 5000 ക്ലബിലെത്തുന്ന താരവും സ്മൃതി തന്നെ. നാഴികക്കല്ല് പിന്നിടുന്ന പ്രായം കുറഞ്ഞ താരവും മറ്റാരുമല്ല. 112 ഇന്നിംഗ്‌സുകളില്‍ നിന്നാണ് സ്മൃതി ഇത്രയും റണ്‍സ് അടിച്ചെടുത്തത്. 5568 പന്തുകള്‍ താരം നേരിട്ടു. വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റെഫാനി ടെയ്‌ലര്‍ (129 ഇന്നിംഗ്‌സ്), സൂസി ബെയ്റ്റ്‌സ് (6182 പന്തുകള്‍) എന്നിവരെ സ്മൃതി പിന്നിലാക്കി.

മറ്റൊരു റെക്കോര്‍ഡ് കൂടി സ്മൃതി ഈ മത്സരത്തിൽ പിന്നിട്ടിരുന്നു. വ്യക്തിഗത സ്‌കോര്‍ 18ല്‍ എത്തിയതോടെ ഒരു കലണ്ടര്‍ വര്‍ഷം ഏകദിനങ്ങളില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ വനിതാ ബാറ്ററെന്ന റെക്കോര്‍ഡ് സ്മൃതി മന്ദാന സ്വന്തമാക്കി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ തന്നെ വനിതാ ഏകദിന ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡ് സ്മൃതിയുടെ പേരിലായിരുന്നു.

ഈ വര്‍ഷം കളിച്ച 17 ഏകദിനങ്ങളില്‍ നിന്ന് 982 റണ്‍സാണ് സ്മൃതി നേടിയത്. ഓസ്‌ട്രേലിയക്കെതിരെ 18 റണ്‍സ് കൂടി നേടിയതോടെ വനിതാ ഏകദിന ക്രിക്കറ്റില്‍ 1000 റണ്‍സ് തിയക്ക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡും സ്മൃതിയുടെ പേരിലായി.

അതേസമയം ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 36 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 236 റൺസ് എന്ന നിലയിലാണ്. 96 പന്തില്‍ 75 റണ്‍സുമായി പ്രതികാ റാവലും 66 പന്തിൽ 80 റൺസുമായി മന്ദാനയും 22 റൺസുമായി ഹർമൻപ്രീതും പുറത്തായി.

Content Highlights: Mandhana becomes fastest to reach 5000 runs; achieves historic feat in women's ODI cricket

dot image
To advertise here,contact us
dot image