'അസംബന്ധം പറയാറുമില്ല സഹിക്കാറുമില്ല'; ശ്രേയസ് അയ്യരുടെ 'ഓറ'യെ കുറിച്ച് ശശാങ്ക് സിംഗ്

2025 ഐപിഎല്ലില്‍ റണ്ണറപ്പുകളായി പഞ്ചാബ് കിംഗ്‌സിനെ ഉയര്‍ത്തിയതിന്റെ ക്രെഡിറ്റ് ക്യാപ്റ്റന്‍ ശ്രേയസിനും കോച്ച് റിക്കി പോണ്ടിങ്ങിനുമാണെന്നും ശശാങ്ക് പറഞ്ഞു

'അസംബന്ധം പറയാറുമില്ല സഹിക്കാറുമില്ല'; ശ്രേയസ് അയ്യരുടെ 'ഓറ'യെ കുറിച്ച് ശശാങ്ക് സിംഗ്
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ കുറിച്ച് സ്റ്റാര്‍ ബാറ്റര്‍ ശശാങ്ക് സിംഗ്. 2025 ഐപിഎല്ലില്‍ റണ്ണറപ്പുകളായി പഞ്ചാബ് കിംഗ്‌സിനെ ഉയര്‍ത്തിയതിന്റെ ക്രെഡിറ്റ് ക്യാപ്റ്റന്‍ ശ്രേയസിനും കോച്ച് റിക്കി പോണ്ടിങ്ങിനുമാണെന്നും ശശാങ്ക് പറഞ്ഞു. ശ്രേയസ് അയ്യരുടെ മനോഭാവത്തെ കുറിച്ചും ഓറയെ കുറിച്ചും ശശാങ്ക് വാചാലനാവുകയും ചെയ്തു.

'ശ്രേയസ് വേറെ ലെവലിലുള്ള താരമാണ്. അദ്ദേഹത്തിന് ഒരു ഓറയുണ്ട്. വളരെ വ്യത്യസ്തമായ ഒരു മനോഭാവമുള്ളയാളാണ് ശ്രേയസ്. അദ്ദേഹം അസംബന്ധം പറയുകയോ അസംബന്ധമായ കാര്യങ്ങള്‍ സഹിക്കുകയോ ചെയ്യാറില്ല. നെറ്റ്‌സില്‍ ബാറ്റിങ്ങിനിറങ്ങുമ്പോള്‍ താന്‍ എന്താണ് ചെയ്യുന്നതെന്ന കൃത്യമായ ധാരണ ശ്രേയസിനുണ്ട്. ഞാന്‍ കളിച്ചതില്‍ വെച്ച് ഏറ്റവും മികച്ച ക്യാപ്റ്റന്‍ ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ ഉറപ്പായും ശ്രേയസ് അയ്യര്‍ എന്നുതന്നെ പറയും', ശശാങ്ക് പറഞ്ഞു.

'പിന്നെ റിക്കി സാറിനെ കുറിച്ച് പറയണം. ഗെയിമിനെ വളരെ ലളിതമായി കാണാന്‍ പഠിപ്പിച്ചത് അദ്ദേഹമാണ്. ക്രിക്കറ്റ് ചിലപ്പോഴൊക്കെ ഒരു സങ്കീര്‍ണമായ സ്‌പോര്‍ട്ടായിരിക്കാം. ഒരു ബാറ്ററോട് ചോദിച്ചാല്‍ കാലുകള്‍ കുറുകെ പോകരുതെന്നെല്ലാം പറയും. പക്ഷേ റിക്കി സാര്‍ അസാമാന്യമായ രീതിയില്‍ ക്രിക്കറ്റിനെ ലളിതമാക്കി മാറ്റിയിരിക്കുകയാണ്', ശശാങ്ക് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനായി മികച്ച പ്രകടനമാണ് ശശാങ്ക് കാഴ്ച വെച്ചത്. ഫിനിഷറായി തിളങ്ങിയ ശശാങ്ക് 174 മത്സരങ്ങളില്‍ നിന്ന് 350 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. കഴിഞ്ഞ ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് പഞ്ചാബ് നിലനിര്‍ത്തിയ രണ്ട് താരങ്ങളിലൊരാളുമായിരുന്നു ശശാങ്ക് സിംഗ്.

Content Highlights: ‘Shreyas Iyer has a different aura’ says Shashank Singh

dot image
To advertise here,contact us
dot image