ആൻഫീൽഡിൽ എന്ത് ഗണ്ണേഴ്‌സ്? ആഴ്‌സണലിനെ ഒറ്റ ഗോളിൽ തളച്ച് ലിവർപൂൾ

ഗോളടിക്കാനായി ഇരു ടീമുകളും കഷ്ടപ്പെട്ട മത്സരത്തിൽ 83ാം മിനിറ്റിലാണ് ലിവർപൂൾ വിജയ ഗോൾ സ്വന്തമാക്കിയത്

ആൻഫീൽഡിൽ എന്ത് ഗണ്ണേഴ്‌സ്? ആഴ്‌സണലിനെ ഒറ്റ ഗോളിൽ തളച്ച് ലിവർപൂൾ
dot image

ആവേശം വാനോളം ഉയർന്ന ആൻഫീൽഡിൽ ആഴ്‌സണലിനെ ഒറ്റ ഗോളിന് തോൽപിച്ച് ലിവർപൂൾ. പ്രീമിയർ ലീഗിലെ വമ്പൻമാരുടെ പോരാട്ടം ഹൈപ്പിനനുസരിച്ചുള്ള ആവേശം നിറഞ്ഞൊഴുകിയ മത്സരമായിരുന്നു ഇത്. ഗോളടിക്കാനായി ഇരു ടീമുകളും കഷ്ടപ്പെട്ട മത്സരത്തിൽ 83ാം മിനിറ്റിലാണ് ലിവർപൂൾ വിജയ ഗോൾ സ്വന്തമാക്കിയത്.

83ാം മിനിറ്റിൽ ഡോമിനിക് സോബോസ്ലായിയാണ് ഫ്രീകിക്ക് കിടിലൻ ഗോളാക്കി മാറ്റിയത്. പെനാൽട്ടി ബോക്‌സിൽ നിന്നും കുറച്ച് മാറിയുള്ള സ്‌പോട്ടിൽ നിന്നെടുത്ത ഫ്രീകിക്ക് ആഴ്‌സണലിന്റെ പ്രതിരോധ നിര തീർത്ത വാളിന് മുകളിലൂടെ ഇടത്തെ കോർണറിൽ ചെന്ന് പതിക്കുകയായിരുന്നു. ഈ ഒരൊറ്റ ഷോട്ട് മാത്രമാണ് ലിവർപൂൾ ഇന്ന് ലക്ഷ്യ സ്ഥാനത്തേക്കെത്തിച്ചത്. ആഴ്‌സണൽ മൂന്ന് ഓൺ ടാർഗറ്റ് ഷോട്ടുകൾ കളിച്ചു.

53 ശതമാനം സമയവും പന്ത് കൈവശം വെച്ചത് ഗണ്ണേഴ്‌സായിരുന്നു. എന്നാൽ വിജയം ലിവർപൂൾ സ്വന്തമാക്കി. ജയത്തോടെ മൂന്ന് മത്സരത്തിൽ മൂന്ന് ജയിച്ച് ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ട് ജയവുമായി ആഴ്‌സണൽ മൂന്നാം സ്ഥാനത്താണ്. ചെൽസിയാണ് രണ്ടാമത്.

അതേസമയം പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ തുടർച്ചയായി രണ്ടാം തോൽവിയുമായി മാഞ്ചസ്റ്റർ സിറ്റി. ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയോൻ എഫ് സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് മാഞ്ചസ്റ്റർ തോറ്റത്. ഒന്നാം പകുതിയിൽ നൂറാം മത്സരത്തിനിറങ്ങിയ എർലിങ് ഹാലൻഡ് നേടിയ ഗോളിലൂടെ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ രണ്ട് ഗോൾ വഴങ്ങി മാഞ്ചസ്റ്റർ തോൽക്കുകയായിരുന്നു. സീസണിൽ മൂന്ന് കളി പൂർത്തിയായപ്പോൾ മുൻ ചാമ്പ്യന്മാർ രണ്ടിലും തോറ്റു.

Content Highlights- Liverpool win against Arsenal in in EPL

dot image
To advertise here,contact us
dot image