

ന്യൂഡൽഹി: കാബൂളിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ പാകിസ്താൻ നടത്തിയ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. കൂട്ടക്കൊലയെ സൈനിക നീക്കമാക്കി വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ് പാകിസ്താൻ ചെയ്യുന്നതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീർ ജയ്‌സ്വാൾ ആരോപിച്ചു. പാക് ആക്രമണത്തിൽ നാനൂറ് പേരാണ് കൊല്ലപ്പെട്ടത്. കാബൂളിലെ ഒമീദ് അഡിക്ഷൻ ട്രീറ്റ്‌മെന്റ് ഹോസ്പിറ്റലിൽ തിങ്കളാഴ്ച രാത്രി പ്രാദേശിക സമയം 9 മണിക്കാണ് ആക്രമണം നടന്നത്. രണ്ടായിരത്തോളം പേർക്ക് ചികിത്സ സൗകര്യമുള്ള ആശുപത്രിയിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 250ഓളം പേർക്ക് പരിക്കേൽക്കുകയും ആശുപത്രി കെട്ടിടത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും തകർന്ന് തരിപ്പണമാകുകയും ചെയ്തിട്ടുണ്ട്.
പാകിസ്താൻ ഇപ്പോൾ ഒരു കൂട്ടക്കുരുതിയെ സൈനിക നീക്കമായി മാറ്റാൻ ശ്രമിക്കുകയാണ്. ഈ നീചമായ പ്രവർത്തി അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിൻ മേലുള്ള പാകിസ്താന്റെ പ്രകടമായ കടന്നുകയറ്റമാണ്. ഇത് പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും മേൽ നേരിട്ടുള്ള ഭീഷണിയാണെന്നും ഇന്ത്യ തുറന്നടിച്ചു. അന്താരാഷ്ട്ര സമൂഹം ഈ ക്രിമിനൽ നടപടിക്ക് പിന്നിലുള്ള കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും അഫ്ഗാനിലെ സാധാരണ ജനങ്ങളെ ലക്ഷ്യം വച്ചു നടത്തുന്ന ക്രൂരമായ ആക്രമണങ്ങൾ വൈകാതെ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
പുണ്യമാസമായ റംസാനിൽ നടത്തുന്ന ആക്രമണം കൂടുതൽ അപലപനീയമാണ്. ഒരു ആശുപത്രിയെയും അതിലെ രോഗികളെയും മനപൂർവം ലക്ഷ്യം വയ്ക്കുന്നതിനെ ന്യായീകരിക്കാൻ കഴിയുന്ന ഒരു വിശ്വാസമോ നിയമമോ ധാർമികതയോ ഇവിടെയില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
പാക് അതിർത്തി കടന്ന് നടക്കുന്ന ആക്രമണങ്ങളിൽ പാകിസ്താനി താലിബാനെയും മറ്റ് ഭീകര സംഘടനകളെയും അഫ്ഗാൻ താലിബാൻ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചാണ് പാകിസ്താൻ കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാന് നേരെ ആക്രമണം ആരംഭിച്ചത്. അതേസമയം ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും കാബൂളിലെയും നാംഗർഹാർ പ്രവിശ്യയിലെയും സൈനിക താവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് പാക് വാദം. അഫ്ഗാൻ - പാകിസ്താൻ സേനകൾ അതിർത്തിയിൽ പരസ്പരം വെടിവയ്പ്പ് നടത്തിയതിന് പിന്നാലെയാണ് വ്യോമാക്രമണം നടന്നത്.
Content Highlights: India has strongly condemned a deadly attack on a hospital in Kabul, Afghanistan, which reportedly killed around 400 people