
അർജന്റീന ഫുട്ബോൾ ടീമിന് ഇപ്പോൾ ഇതിഹാസ താരം ലയണൽ മെസ്സി ഇല്ലാതെയും കളിക്കാൻ കഴിയുമെന്ന് ടീം പരിശീലകൻ ലിയോണൽ സ്കെലോണി. 'ലിയോ (മെസ്സി) ഉണ്ടെങ്കിലും ഇല്ലെങ്കിലും ടീമിന് ഒരേപോലെ കളിക്കാൻ കഴിയുന്ന ഒരു ഘട്ടത്തിലാണ് ഇപ്പോൾ അർജന്റീനിയൻ ടീം. മുൻപ് മെസ്സി ഇല്ലാതെ കളിക്കുന്നത് വളരെ സങ്കീർണ്ണമായിരുന്നു. മുമ്പ് പലതാരങ്ങളെയും ടീമിൽ നിന്ന് മാറ്റേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ ടീമിലെ എല്ലാവരും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അത് നല്ല കാര്യമാണ്.' നാളെ കൊളംബിയയ്ക്കെതിരായ മത്സരത്തിന് മുമ്പ് സ്കെലോണി മാധ്യമങ്ങളോട് പ്രതികരിച്ചു.
നാളെ നടക്കുന്ന മത്സരത്തിൽ കൊളംബിയൻ ടീം അർജന്റീനയ്ക്ക് വെല്ലുവിളിയാകാൻ സാധ്യതുണ്ടെന്നും സ്കെലോണി പറഞ്ഞു. 'കൊളംബിയ മികച്ച ടീമാണ്. മികച്ച കളിക്കാരുള്ള ഒരു ടീമാണ്. അവർക്ക് വ്യക്തമായ ഒരു ശൈലിയുണ്ട്. അത് അർജന്റീനയ്ക്ക് വെല്ലുവിളിയായേക്കും,' സ്കലോണി പറഞ്ഞു.
'കൊളംബിയൻ ടീമിന്റെ മികവിനെ അർജന്റീനിയൻ ടീം നന്നായി വിശകലനം ചെയ്തിട്ടുണ്ട്. ഇത് മികച്ചയൊരു മത്സരമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും അർജന്റീനൻ ടീം ഹോം ഗ്രൗണ്ടിൽ കളിക്കുന്നതുകൊണ്ട്. അർജന്റീന ടീമിന്റെ ആരാധകർക്ക് അവരുടെ താരങ്ങൾക്ക് ആവേശം പകരുവാനും സാധിക്കും,' സ്കെലോണി വ്യക്തമാക്കി.
ലാറ്റിനമേരിക്കൻ ടീമുകളുടെ 2026 ഫിഫ ഫുട്ബോൾ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നാളെ രാവിലെ 5.30നാണ് അർജന്റീനയും കൊളംബിയയും തമ്മിലുള്ള മത്സരം. 15 മത്സരങ്ങളിൽ 11 എണ്ണത്തിൽ വിജയിച്ച അർജന്റീനയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്. ലോകകപ്പ് യോഗ്യതയും അർജന്റീന ഇതിനോടകം ഉറപ്പിച്ചുകഴിഞ്ഞു. 15 മത്സരങ്ങളിൽ അഞ്ചിൽ മാത്രം വിജയിച്ച കൊളംബിയ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ്.
Content Highlights: Argentina has learnt to play without Messi: Scaloni