
യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ വിജയികളായ പോർച്ചുഗലിനെയും ടീം ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും അഭിനന്ദിച്ച് അർജന്റീന ഫുട്ബോൾ ടീം പരിശീലകൻ ലിയോണൽ സ്കെലോണി. പോർച്ചുഗലിനും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും അഭിനന്ദനങ്ങൾ. നേഷൻസ് ലീഗ് ഫൈനൽ മികച്ചയൊരു മത്സരമായിരുന്നു. സ്പെയിൻ ഫുട്ബോളിനും എന്റെ അഭിനന്ദനങ്ങൾ. മറ്റെന്നാൾ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കൊളംബിയയെ നേരിടുന്നതിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്കെലോണി.
ഫൈനലിസിമ മത്സര തീയതിയെക്കുറിച്ചാണ് സ്കെലോണി പിന്നീട് സംസാരിച്ചത്. ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങളൊന്നുമില്ലെന്നാണ് അർജന്റീനൻ പരിശീലകന്റെ വാക്കുകൾ. ഒരുപക്ഷേ ഈ വർഷം ഫൈനലിസിമ നടന്നേക്കില്ല. അടുത്ത വർഷം നടക്കുമോയെന്ന് എനിക്ക് അറിയില്ല. ഇക്കാര്യം എനിക്ക് തീരുമാനിക്കാൻ കഴിയില്ല. സ്കെലോണി വ്യക്തമാക്കി.
ലാറ്റിനമേരിക്കൻ ടീമുകളുടെ 2026 ഫിഫ ഫുട്ബോൾ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ജൂൺ 11നാണ് അർജന്റീനയും കൊളംബിയയും തമ്മിലുള്ള മത്സരം. 15 മത്സരങ്ങളിൽ 11 എണ്ണത്തിൽ വിജയിച്ച അർജന്റീനയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്. 15 മത്സരങ്ങളിൽ അഞ്ചിൽ മാത്രം വിജയിച്ച കൊളംബിയ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ്.
Content Highlights: I congratulate Portugal and Cristiano Ronaldo says Lionel Scaloni