
റയല്‍ മാഡ്രിഡിലെത്തിയ ആദ്യ സീസണ് ശൂന്യമായിരുന്നു എന്ന് പറഞ്ഞ മാധ്യമപ്രവര്ത്തകന് കനത്ത ഭാഷയില്‍ മറുപടി നല്കി സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ. ട്രെബിള്‍ കിരീടങ്ങള്‍ നേടിയ എംബാപ്പെയുടെ മുന്‍ ടീമായ പാരിസ് സെയിന്റ് ജര്‍മനുമായി റയല്‍ മാഡ്രിഡിനെ താരതമ്യപ്പെടുത്തിയാണ് മാധ്യമപ്രവര്ത്തകന് ചോദിച്ചത്.
യുവേഫ നേഷന്‍സ് ലീഗ് ലൂസേഴ്സ് ഫൈനലിന് മുന്നോടിയായി നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്താണ് ശൂന്യമായ സീസണെന്ന് ചോദിച്ച എംബാപ്പെ റയല്‍ രണ്ട് കിരീടം നേടിയ കാര്യവും ചോദ്യം ചോദിച്ചയാളെ ഓര്‍മിപ്പിച്ചു.
'ശൂന്യമായ ഒരു സീസണ്? ഉറപ്പാണോ? എന്താണ് ഓഫ് സീസണ്? എന്താണ് ശൂന്യമായ സീസണ്? നിങ്ങള്‍ ഗെയിമുകള്‍ കാണാറുണ്ടോ? ഞങ്ങള്‍ രണ്ട് കിരീടങ്ങള്‍ നേടി. ചില പ്രധാന കിരീടങ്ങള്‍ ഞങ്ങള്‍ക്ക് നഷ്ടമായി എന്നുള്ളത് സത്യമാണ്. എന്നാല്‍ പോലും ഒരുപാട് നേട്ടങ്ങള്‍ നേടിയ ഒരു വര്‍ഷമായിരുന്നു ഇത്.
ഞാനില്ലാതെ പി എസ് ജി, യു സി എല്‍ നേടി, അത് എന്നെ ബാധിക്കുന്നില്ല. അതൊരു നല്ല കാര്യമാണ്. നമ്മുടെ കരിയറില്‍ നാമെല്ലാവരും വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. സമ്മര്‍ദം നിറഞ്ഞ സാഹചര്യങ്ങളില്‍ ഞാന്‍
നന്നായി പെര്‍ഫോം ചെയ്യാറുണ്ട് എന്നാണ് എന്റെ വിശ്വാസം. അത് നല്ലതാണ്, ഈ സിറ്റുവേഷനുകള്‍ എനിക്ക് എപ്പോഴും ഇഷ്ടമായിരുന്നു. എന്റെ കരിയറിലെ നിരവധി ട്രെന്‍ഡുകള്‍ ഞാന്‍ മാറ്റിമറിച്ചിട്ടുമുണ്ട്," എംബാപ്പെ പറഞ്ഞു.
ഈ സീസണിലാണ് എംബാപ്പെ പി എസ് ജി വിട്ട് റയലിലെത്തുന്നത്. ആദ്യ സീസണില്‍ തന്നെ ലാ ലീഗയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി ഗോള്‍ഡണ്‍ ബൂട്ട് സ്വന്തമാക്കാന്‍ ഈ ഫ്രഞ്ച് സൂപ്പര്‍ താരത്തിനായി. പി എസ് ജിയിലോ മൊണാക്കോയിലോ ഒരിക്കല്‍ പോലും നേടാത്ത ഗോള്‍ഡണ്‍ ബൂട്ടാണ് താരം റയലിലെ ആദ്യ സീസണില്‍ തന്നെ സ്വന്തമാക്കിയത്.
Content Highlights- Kylian Mbappe hits back with strong response after being told he had 'blank' season at Real Madrid while PSG won UCL