എതിർ ടീമിലെ കളിക്കാരനൊപ്പം ഫോട്ടോയെടുത്തു; 9 വയസ്സുള്ള താരങ്ങളെ വിലക്കി മെസ്സിയുടെ ബാല്യകാല ക്ലബ്ബ്

സംഭവത്തില്‍ വലിയതരത്തിലുള്ള ആരാധക രോഷം ഉയരുന്നുമുണ്ട്

dot image

എതിര്‍ ടീമിലെ കളിക്കാരനോടൊപ്പം ഫോട്ടോയെടുത്തതിന് 9 വയസുള്ള ആറ് അക്കാദമി താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച് അർജന്‍റീനയിലെ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ്. കുട്ടികളെ പരിശീലനത്തില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയാണ് ക്ലബ്ബ് ചെയ്തത്. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ബാല്യകാല ക്ലബ്ബാണ് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സ്.

ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിന്റെ ചിരവൈരികളായ റൊസാരിയോ സെന്‍ട്രലിന്റെ താരം ഇഗ്നാസിയോ മാല്‍ക്കോറയ്‌ക്കൊപ്പം പോസ് ചെയ്തതിനാണ് വളര്‍ന്നുവരുന്ന താരങ്ങളെ ക്ലബ്ബ് വിലക്കിയത്. മൂന്ന് മാസം മുന്‍പ് ഒരു യൂത്ത് ടൂര്‍ണമെന്റില്‍ എടുത്ത ഫോട്ടോയിലാണ് റൊസാരിയോ സെന്‍ട്രലിന് വേണ്ടി അഞ്ച് സീസണുകളായി ബൂട്ടുകെട്ടുന്ന മാല്‍ക്കോറയ്ക്കൊപ്പം ആറ് ന്യൂവെല്‍സ് അക്കാദമി കളിക്കാരുമുള്ളത്.

ചിത്രം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഫോട്ടോയിലുള്ള ന്യൂവെല്‍സ് താരങ്ങള്‍ക്കെതിരെ ക്ലബ്ബ് നടപടി സ്വീകരിച്ചത്. കുട്ടികളെ പരിശീലനത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും മൂന്ന് മാസത്തേക്ക് അവരുടെ സ്‌കോളര്‍ഷിപ്പുകള്‍ റദ്ദാക്കുകയും ചെയ്തു. സംഭവത്തില്‍ വലിയതരത്തിലുള്ള ആരാധക രോഷം ഉയരുന്നുമുണ്ട്. റൊസാരിയോ നഗരത്തില്‍ ഫുട്‌ബോള്‍ പക വര്‍ധിച്ചുവരുന്നതിന്റെ തെളിവാണിതെല്ലാമെന്നാണ് ആരാധകരുടെ വാദം.

റൊസാരിയോ സെന്‍ട്രലിന്റെ മാല്‍ക്കോറയും സംഭവത്തില്‍ നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തി. 'എനിക്ക് അവരോട് സങ്കടം തോന്നുന്നു. കുട്ടികള്‍ നിഷ്‌കളങ്കരാണ്, അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് കൂടുതല്‍ അറിയില്ല. ഏതൊരു കുട്ടിയും ചെയ്യുന്നതുപോലെ ഒരു കളിക്കാരനൊപ്പം ഫോട്ടോ എടുക്കാനാണ് അവര്‍ ആഗ്രഹിച്ചത്', മാല്‍ക്കോറ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: Lionel Messi's boyhood club suspends 9-year-olds for photo with rival team player

dot image
To advertise here,contact us
dot image