ഇറ്റാലിയന്‍ സീരി എ കിരീടം തിരിച്ചുപിടിച്ച് നാപ്പോളി; ഇന്ററിനെ പിന്നിലാക്കിയത് ഒറ്റ പോയിന്റിൽ

സീരി എയിൽ നാപ്പോളിയുടെ നാലാം കിരീടമാണിത്

dot image

ഇറ്റാലിയൻ ഫുട്ബോൾ ലീ​ഗ് സീരി എ കിരീടം തിരിച്ചുപിടിച്ച് നാപ്പോളി. സീസണിലെ അവസാന മത്സരത്തിൽ കാഗ്ലിയാരിയെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നാപ്പോളി സീരി എ കിരീടം തിരിച്ചുപിടിച്ചത്. സ്‌കോട്ട് മക്‌ടോമിനയ്, റൊമേലു ലുക്കാക്കൂ എന്നിവർ നാപ്പോളിക്കായി വലചലിപ്പിച്ചു. കഴിഞ്ഞ വർഷത്തെ ചാംപ്യന്മാരായ ഇന്റർ മിലാനെ ഒരു പോയിന്റ് വ്യത്യാസത്തിൽ മറികടന്നാണ് നാപ്പോളി സിരീ എ ചാംപ്യന്മാരായത്.

സീസണിലെ അവസാന മത്സരത്തിൽ ഇന്റർ മിലാൻ കോമോയെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് തോൽപ്പിച്ചു. ഇതോടെ 38 മത്സരങ്ങളിൽ നിന്ന് 24 വിജയവും ഒമ്പത് സമനിലയും അഞ്ച് തോൽവിയും ഉൾപ്പെടെ ഇന്റർ മിലാൻ 81 പോയിന്റുകൾ നേടി. അവസാന മത്സരത്തിലെ ജയത്തോടെ 24 വിജയവും 10 സമനിലയും നാല് തോൽവിയും ഉൾപ്പെടെ നാപ്പോളിക്ക് 82 പോയിന്റാണ് നേടാനായത്.

സീരി എയിൽ നാപ്പോളിയുടെ നാലാം കിരീടമാണിത്. 1987, 1990 സീസണുകളിൽ ഡീ​ഗോ മറഡോണയുടെ മാന്ത്രികതയിൽ ആദ്യ രണ്ട് തവണ നാപ്പോളി സീരി എ ചാംപ്യന്മാരായി. എന്നാൽ മറഡോണ കളം വിട്ടതോടെ വീണ്ടുമൊരു സീരി എ കിരീടത്തിനായി നാപ്പോളിക്ക് കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ 2022-23 സീസണിൽ 23 വർഷത്തിന് ശേഷം നാപ്പോളി ഇറ്റാലിയൻ ഫുട്ബോളിന്റെ ചാംപ്യന്മാരായി. എന്നാൽ കഴിഞ്ഞ സീസണിൽ വൻതകർച്ച നേരിട്ട നാപ്പോളി 10-ാം സ്ഥാനത്താണ് ഫിനീഷ് ചെയ്തത്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം നാപ്പോളി ഇറ്റാലിയൻ ലീ​ഗിന്റെ ചാംപ്യന്മാരായിരിക്കുകയാണ്.

Content Highlights: McTominay and Lukaku goals lead Napoli to Serie A title win

dot image
To advertise here,contact us
dot image