വെംബ്ലിയില്‍ ഇന്ന് കിരീടപ്പോര്; എഫ്എ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ക്രിസ്റ്റല്‍ പാലസും നേർക്കുനേർ

ഇന്ത്യന്‍ സമയം വൈകിട്ട് ഒന്‍പത് മണിക്കാണ് കിക്കോഫ്

dot image

ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്‌ബോളില്‍ ഇന്ന് കലാശപ്പോരാട്ടം. ചരിത്രം തേടിയിറങ്ങുന്ന ക്രിസ്റ്റല്‍ പാലസും മാഞ്ചസ്റ്റര്‍ സിറ്റിയും ശനിയാഴ്ച വെംബ്ലിയില്‍ എഫ്എ കപ്പ് ഫൈനലില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് ഒന്‍പത് മണിക്കാണ് കിക്കോഫ്.

എട്ടാം കിരീടമെന്ന മോഹവുമായി മാഞ്ചസ്റ്റര്‍ സിറ്റി ഇറങ്ങുമ്പോള്‍ ആദ്യ ചാമ്പ്യന്‍ കിരീടമാണ് ക്രിസ്റ്റല്‍ പാലസ് സ്വപ്നം കാണുന്നത്. 2023ലാണ് സിറ്റി അവസാനമായി എഫ് എ കപ്പ് വിജയിച്ചത്. തൊട്ടടുത്ത വര്‍ഷം ഫൈനലിലെത്തിയെങ്കിലും കിരീടം ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ല.

പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ ഒരു കിരീടം പോലുമില്ലാത്ത സീസണ്‍ ഒഴിവാക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ലക്ഷ്യം. 2016-17 ന് ശേഷം ഒരു ട്രോഫി പോലുമില്ലാത്ത ഒരു സീസണ്‍ സിറ്റിക്ക് ഉണ്ടായിട്ടില്ല. അവസാന പത്ത് മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറുകയാണ് സിറ്റി.

പരിക്കില്‍ നിന്ന് തിരിച്ചെത്തിയ ഗോള്‍ മെഷീന്‍ എര്‍ലിങ് ഹാളണ്ടും കെവിന്‍ ഡി ബ്രൂയിനും സിറ്റിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ബെര്‍ണാഡോ സില്‍വ, ഒമര്‍ മര്‍മൂഷ് എന്നിവര്‍ ഫോമിലേക്ക് ഉയര്‍ന്നാല്‍ സിറ്റിക്ക് കിരീടം നേടാന്‍ സാധിക്കും.

മറുവശത്ത് തങ്ങളുടെ 119 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു വലിയ കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണ് പാലസിനുള്ളത്. മുന്‍പ് രണ്ട് തവണ ഫൈനലില്‍ എത്തിയിട്ടുണ്ടെങ്കിലും പാലസിന് കിരീടം ഉയര്‍ത്താന്‍ സാധിച്ചിട്ടില്ല. ഇന്ന് വെംബ്ലിയില്‍ സിറ്റിയെ വീഴ്ത്തി കപ്പുയര്‍ത്തിയാല്‍ പാലസിന്റെ ക്ലബ്ബ് ചരിത്രത്തില്‍ ആദ്യമായി യൂറോപ്പ ലീഗിന് യോഗ്യത നേടാനും സാധിക്കും.

ഒലിവര്‍ ഗ്ലാസ്‌നറുടെ കീഴില്‍ ഈ സീസണിലും പ്രത്യേകിച്ച് എഫ്എ കപ്പില്‍ മികച്ച ഫോമാണ് ഈഗിള്‍സ് കാഴ്ചവെക്കുന്നത്.
സെമിഫൈനലില്‍ അവര്‍ ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പാലസ് കലാശപ്പോരിന് യോഗ്യത നേടിയത്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയ എബെറേച്ചി എസെയാകും പാലസിന്റെ നിര്‍ണായക താരം.

Content Highlights: FA Cup final 2025: Man City vs Crystal Palace

dot image
To advertise here,contact us
dot image