
കഴിഞ്ഞദിവസം എസ്പാനിയോളക്കെതിരെ നേടിയ രണ്ട് ഗോളിന്റെ ജയത്തോടെ ലീഗിൽ രണ്ട് മത്സരങ്ങൾ ശേഷിക്കെ തന്നെ ബാഴ്‌സ ലാലിഗ കിരീടം മുത്തമിട്ടിരിക്കുകയാണ്. 36 കളികളിൽ 85 പോയിന്റുമായാണ് ഈ നേട്ടം ബാഴ്‌സ സ്വന്തമാക്കിയത്. 36 മത്സരങ്ങളിൽ നിന്ന് 78 പോയിന്റുമായി രണ്ടാംസ്ഥാനത്തുള്ള റയൽ മാഡ്രിഡിനെക്കാൾ ഏഴ് പോയിന്റ് മുന്നിലാണ്. ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങളുടെ ഫലം ഏതായാലും കിരീട വിജയികളിൽ മാറ്റമുണ്ടാവില്ല.
അതേസമയം ബാഴ്‌സ തങ്ങളുടെ 28-ാം ലാലിഗ കിരീടം നേടിയപ്പോൾ താരമായത് സ്പെയിൻ യുവ താരമായ പതിനേഴുകാരനായ ലമീൻ യമാലായിരുന്നു. 53-ാം മിനിറ്റിൽ ലമിൻ യമാൽ നേടിയ മിന്നും ഗോളാണ് മത്സരത്തിൽ നിർണായകമായത്. രണ്ടാം പകുതിയുടെ അധിക സമയത്ത് യമാലിന്റെ തന്നെ അസിസ്റ്റിൽ ഫെർമിൻ ലോപ്പസ് രണ്ടാം ഗോൾ നേടുകയും ചെയ്തു. യമാൽ തന്നെയാണ് കളിയിലെ താരം.
അതേസമയം ഈ സീസണിൽ മൂന്ന് കിരീടമാണ് ബാഴ്‌സയ്‌ക്കൊപ്പം യമാൽ നേടിയത്. സ്പാനിഷ് സൂപ്പർ കപ്പ്, കോപ്പ ഡെൽറേ തുടങ്ങി കിരീടങ്ങൾ ഇതിന് മുമ്പ് നേടിയിരുന്നു. ചാമ്പ്യൻസ് ലീഗ് കിരീടമോഹം സെമിയിൽ അവസാനിച്ചെങ്കിലും യമാൽ അവിടെയും മിന്നും പ്രകടനം നടത്തിയിരുന്നു. ഈ സീസണിൽ 17 ഗോളുകളും 25 അസിസ്റ്റുകളും ബാഴ്‌സയ്ക്ക് വേണ്ടി നേടി. ഇതുകൂടാതെ സ്പെയ്നിനെ യൂറോ കപ്പ് ചാമ്പ്യന്മാരാക്കുകയും ചെയ്തു.
Content Highlights: A miracle at the age of 17; The Yamal era in football has just begun!