ഒറ്റ ഗോളില്‍ യുണൈറ്റഡിനെ തീര്‍ത്തു; പ്രീമിയര്‍ ലീഗില്‍ നാലാമതെത്തി ചെല്‍സി

ചെല്‍സിയുടെ തട്ടകത്തില്‍ നടന്ന പോരാട്ടത്തിന്റെ ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു

dot image

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ വിജയം സ്വന്തമാക്കി ചെല്‍സി. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന പോരാട്ടത്തില്‍ ഒറ്റ ഗോളിനായിരുന്നു നീലപ്പടയുടെ വിജയം. മാര്‍ക്ക് കുക്കുറയ്യയാണ് ചെല്‍സിയുടെ വിജയഗോള്‍ സ്വന്തമാക്കിയത്.

ചെല്‍സിയുടെ തട്ടകത്തില്‍ നടന്ന പോരാട്ടത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ 62-ാം മിനിറ്റിൽ ചെല്‍സിക്ക് പെനാല്‍റ്റി ലഭിച്ചെങ്കിലും വാര്‍ പരിശോധനയില്‍ റദ്ദാക്കി. 71-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ഏകഗോള്‍ പിറന്നത്. റീസ് ജെയിംസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു കുക്കുറയ്യ ഹെഡറിലൂടെ യുണൈറ്റഡിന്റെ വലകുലുക്കിയത്.

ഗോള്‍ തിരിച്ചടിക്കാന്‍ യുണൈറ്റഡ് പരിശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. മത്സരം അവസാനിക്കാന്‍ 16 മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ സെന്റര്‍ ബാക്ക് ഓഫ്സൈഡ് ആയി മാറിയപ്പോള്‍ ഹാരി മാഗ്വയറിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആദ്യ ഗോള്‍ നിഷേധിക്കപ്പെട്ടു. ഇതോടെ ചെല്‍സിക്ക് വിജയം സ്വന്തമായി.

യുണൈറ്റഡിനെതിരായ വിജയത്തോടെ പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് കുതിക്കാന്‍ ചെല്‍സിക്ക് സാധിച്ചു. 37 മത്സരങ്ങളില്‍ നിന്ന് 66 പോയിന്റാണ് ചെല്‍സിയുടെ സമ്പാദ്യം. ഇത്രയും പോയിന്റുള്ള ആസ്റ്റണ്‍ വില്ലയെ ഗോള്‍ വ്യത്യാസത്തിലാണ് ദ ബ്ലൂസ് മറികടന്നത്. 39 പോയിന്റുകള്‍ മാത്രമുള്ള യുണൈറ്റഡ് 16-ാമതാണ്.

Content Highlights: Chelsea Beat Manchester United In Premier League

dot image
To advertise here,contact us
dot image