'റയലിലെ വിജയം ബ്രസീലിലും ആവര്‍ത്തിക്കാന്‍ ആഞ്ചലോട്ടിക്ക് കഴിയും'; ആശംസകളുമായി ഹാന്‍സി ഫ്‌ളിക്ക്

മെയ് 26നാണ് ആഞ്ചലോട്ടി ബ്രസീലിന്റെ മുഖ്യപരിശീലകനായി ചുമതലയേല്‍ക്കുക

dot image

ബ്രസീലിന്റെ മുഖ്യപരിശീലകനായി നിയമിക്കപ്പെട്ട കാര്‍ലോ ആഞ്ചലോട്ടിക്ക് ആശംസകളുമായി ബാഴ്‌സലോണ കോച്ച് ഹാന്‍സി ഫ്‌ളിക്ക്. നിലവില്‍ റയല്‍ മാഡ്രിഡിന്റെ കോച്ചായ ആഞ്ചലോട്ടി സീസണ്‍ അവസാനത്തോടെയാണ് ബ്രസീലിലേക്ക് പോകുന്നത്. സ്പാനിഷ് ക്ലബ്ബിലെ പരിശീലന മികവ് ബ്രസീലിലും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ഫ്‌ളിക്ക് ആശംസിച്ചു.

'റയല്‍ മാഡ്രിഡില്‍ അദ്ദേഹം തന്റെ ജോലി നന്നായി ചെയ്തു. അദ്ദേഹം ഒരു ജെന്‍ഡില്‍മാനാണ്. വിജയിക്കാന്‍ അറിയാവുന്ന പരിശീലകനാണ്. അദ്ദേഹത്തിന് എവിടെ പോയാലും വിജയിക്കാന്‍ സാധിക്കും', ഫ്‌ളിക്ക് മാധ്യമങ്ങളോട് പറഞ്ഞു.

റയല്‍ മാഡ്രിഡിന്റെ ലാ ലിഗ സീസണ്‍ അവസാനിച്ചതിന് ശേഷം മെയ് 26നാണ് ആഞ്ചലോട്ടി ബ്രസീലിന്റെ മുഖ്യപരിശീലകനായി ചുമതലയേല്‍ക്കുക. ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്ന ആദ്യ വിദേശിയാണ് ആഞ്ചലോട്ടി. ഡോറിവല്‍ ജൂനിയറിന്റെ പകരക്കാരനായാണ് ആഞ്ചലോട്ടി ബ്രസീല്‍ ടീമിലെത്തുന്നത്. ടീമിന്റെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് ഡോറിവലിനെ ബ്രസീല്‍ പുറത്താക്കിയത്.

2026ലെ ഫിഫ ലോകകപ്പിനായുള്ള ബ്രസീലിന്റെ യോഗ്യതാ മത്സരങ്ങള്‍ക്ക് ആഞ്ചലോട്ടി ടീമിനെ പരിശീലിപ്പിക്കും. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ വെച്ച് നടക്കുന്ന ലോകകപ്പില്‍ ആറാം കിരീടം നേടുകയെന്നതാണ് ബ്രസീലിന്റെ ലക്ഷ്യം. ജൂണ്‍ 6 ന് ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരമായിരിക്കും ബ്രസീലിന്റെ പരിശീലകനെന്ന നിലയില്‍ ആഞ്ചലോട്ടിയുടെ ആദ്യ മത്സരം.

Content Highlights: Carlo Ancelotti did fantastic job in Madrid, will succeed in Brazil says Hansi Flick

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us