വീണ്ടും ആഞ്ചലോട്ടിയുടെ 'രാജതന്ത്രം'; ബ്രസീലിന്‍റെ സഹപരിശീലകനായി ഇതിഹാസതാരത്തെ എത്തിക്കാന്‍ നീക്കം

സൂപ്പര്‍ താരം കാസെമിറോയെ ബ്രസീല്‍ ദേശീയ ടീമിലേക്ക് തിരികെ കൊണ്ടുവരുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്

dot image

ബ്രസീലിന്റെ പുതിയ പരിശീലകനായി കാര്‍ലോ ആഞ്ചലോട്ടി നിയമിതനായ നീക്കം ഫുട്‌ബോള്‍ ലോകത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഹെഡ് കോച്ചായി നിയമിക്കപ്പെട്ടതിന് പിന്നാലെ പുതിയ പദ്ധതികള്‍ക്കും ആഞ്ചലോട്ടി ഇതിനോടകം തന്നെ തുടക്കമിട്ടുകഴിഞ്ഞു. സൂപ്പര്‍ താരം കാസെമിറോയെ ബ്രസീല്‍ ദേശീയ ടീമിലേക്ക് തിരികെ കൊണ്ടുവരുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ഇപ്പോഴിതാ ബ്രസീല്‍ ടീമിനെ ഉടച്ചുവാര്‍ക്കാനുള്ള ആഞ്ചലോട്ടിയുടെ മറ്റൊരു നീക്കമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. ടീമിന്റെ സഹപരിശീലക സ്ഥാനത്തേക്ക് മുന്‍ ഇതിഹാസ താരം കക്കയെ എത്തിക്കാനാണ് കാര്‍ലോ ആഞ്ചലോട്ടി ശ്രമിക്കുന്നത്. മെയ് 26ന് ശേഷം ആഞ്ചലോട്ടി ബ്രസീലിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാനിരിക്കെയാണ് കക്കയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നത്.

നേരത്തെ എസി മിലാനില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള കക്കയും ആഞ്ചലോട്ടിയും തമ്മില്‍ മികച്ച ബന്ധമാണുള്ളത്. അതേസമയം കളിക്കളം വിട്ടശേഷം പരിശീലക റോളിലേക്ക് സജീവമായിട്ടില്ലെങ്കിലും കക്ക ആഞ്ചലോട്ടിക്കൊപ്പം ചേര്‍ന്നാല്‍ ബ്രസീല്‍ ടീം ശക്തമാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (സിബിഎഫ്) ഇക്കാര്യത്തില്‍ ഔദ്യോഗികമായി യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ല.

Content Highlights: Carlo Ancelotti wants Kaka as assistant coach for Brazil: Report

dot image
To advertise here,contact us
dot image