

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി ഒഡീഷ എഫ് സി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഒഡീഷയുടെ വിജയം. ജെറി മാവിഹ്മിംഗ്തംഗ, ഹ്യൂഗോ ബൂമസ് എന്നിവർ ഒഡീഷയ്ക്കായി ഗോളുകൾ നേടി. ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോൾ നേടിയത് ലാൽചുങ്‌നുംഗയാണ്.
ആദ്യ പകുതിയിൽ ഇരുടീമുകൾക്കും വലചലിപ്പിക്കാൻ കഴിഞ്ഞില്ല. 43-ാം മിനിറ്റിൽ ജീക്സൺ സിങ് രണ്ടാം മഞ്ഞ കാർഡ് കണ്ടതോടെ ഈസ്റ്റ് ബംഗാൾ സംഘം 10 പേരായി ചുരുങ്ങി. എങ്കിലും രണ്ടാം പകുതിയിൽ 53-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ മുന്നിലെത്തി. ലാൽചുങ്‌നുംഗ മത്സരത്തിലെ ആദ്യ ഗോൾ നേടി. എന്നാൽ രണ്ട് മിനിറ്റിൽ ഒഡീഷ സമനില പിടിച്ചു. ജെറി മാവിഹ്മിംഗ്തംഗയാണ് വലചലിപ്പിച്ചത്. പിന്നാലെ 81-ാം മിനിറ്റിൽ ഹ്യൂഗോ ബൂമസ് ഒഡീഷയുടെ വിജയഗോൾ നേടി.
ഐഎസ്എൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ഒഡീഷ എഫ് സി. 12 മത്സരങ്ങൾ പിന്നിടുമ്പോൾ ഒഡീഷയ്ക്ക് അഞ്ച് വിജയങ്ങളും നാല് സമനിലയുമുണ്ട്. 10 മത്സരങ്ങളിൽ നിന്ന് രണ്ട് വിജയം മാത്രമുള്ള ഈസ്റ്റ് ബംഗാൾ 11-ാം സ്ഥാനത്താണ്. പോയിന്റ് ടേബിളിൽ ഒന്നാമത് മോഹൻ ബഗാനും രണ്ടാമത് ബെംഗളൂരു എഫ് സിയുമാണ്.
Content Highlights: Odisha FC Come Back To Pip 10-Man East Bengal 2-1