

ഗ്രൗണ്ടിൽ വീണുകിടക്കുകയായിരുന്ന എതിര്‍ ടീം താരത്തെിന്‍റെ നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടിയ വിദേശ താരത്തിന് വിലക്ക് ഏർപ്പെടുത്തി സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ വിദേശ താരമായ സാമുവലിനെയാണ് സീസണിൽ കളിക്കുന്നതില്‍ നിന്ന് വിലക്കേർപ്പെടുത്തിയത്.
എടത്തനാട്ടുകര ചലഞ്ചേഴ്‌സ് ക്ലബ് ഗവ ഓറിയന്‍റൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്‍റിനിടെയാണ് സംഭവം. മത്സരത്തിനിടെ ഗ്രൗണ്ടില്‍ വീണ ഉദയ പറമ്പിൽപീടിക ടീമിലെ താരത്തെയാണ് സൂപ്പർ സ്റ്റുഡിയോ താരം സാമുവൽ ചവിട്ടിയത്. ചൊവ്വാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
ഇതോടെ മനുഷ്യത്വരഹിതമായി പെരുമാറിയ താരത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഫുട്ബോൾ പ്രേമികൾ രംഗത്തെത്തി. വിലക്ക് എർപ്പെടുത്തിയ തീരുമാനം എസ് എഫ് എ പ്രസിഡൻറ് ഹബീബ്, ജനറൽ സെക്രട്ടറി സൂപ്പർ അഷറഫ് ബാവ, ട്രഷറർ എസ് എം അൻവർ എന്നിവർ ഇന്നലെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. താരത്തെ ഉടൻ നാട്ടിലേക്ക് തിരിച്ചയക്കണമെന്നും സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനോട് നിർദേശിച്ചതായി എസ്എഫ്എ ഭാരവാഹികൾ പറഞ്ഞു.
Content Highlights: All india sevens super studio foreign player banned for rude foul