മനോലോ മാർക്വെസിന് ​ഐഎസ്എല്ലിലും തിരിച്ചടി; എഫ് സി ഗോവയെ ഇഞ്ച്വറി ടൈമിൽ തോൽപ്പിച്ച് ജംഷഡ്‍പൂര്‍

മത്സരം അവസാനിക്കാൻ 15 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ജംഷഡ്‍പൂര്‍ എഫ് സി സമനില പിടിച്ചത്.

മനോലോ മാർക്വെസിന് ​ഐഎസ്എല്ലിലും തിരിച്ചടി; എഫ് സി ഗോവയെ ഇഞ്ച്വറി ടൈമിൽ തോൽപ്പിച്ച് ജംഷഡ്‍പൂര്‍
dot image

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ എഫ് ​സി ​ഗോവയെ പരാജയപ്പെടുത്തി ജംഷഡ്‍പൂര്‍ എഫ് സി. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു ജംഷഡ്‍പൂരിന്‍റെ വിജയം. ആദ്യ പകുതി അവസാനിക്കും മുമ്പുള്ള ഇഞ്ച്വറി ടൈമിൽ 47-ാം മിനിറ്റിൽ ​എഫ് സി ​ഗോവയാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. അർമാൻഡോ സാദിക്കു ​ഗോവൻ സംഘത്തിനായി വലചലിപ്പിച്ചു. 74-ാം മിനിറ്റിൽ ഹാവിയർ സിവേരിയോയുടെ പെനാൽറ്റിയിലൂടെ ജംഷഡ്പൂർ ഒപ്പമെത്തി. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ 94-ാം മിനിറ്റിൽ ജോർദാൻ മറൈയാണ് ജംഷഡ്പൂരിന്റെ വിജയ​ഗോൾ നേടിയത്. ഇന്റർകോണ്ടിനൽ കപ്പിൽ ഇന്ത്യൻ ടീമിന്റെ പരാജയം നേരിട്ടുവന്ന പുതിയ പരിശീലകൻ മനോലോ മാർക്വെസിന് ഐഎസ്എല്ലിലും രക്ഷയില്ല. ഇന്ത്യൻ ദേശീയ ടീമിനെ കൂടുതെ മനോലോ മാർക്വെസ് ഐഎസ്എൽ ക്ലബ് എഫ് സി ​ഗോവയെയും പരിശീലിപ്പിക്കുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ​ഗോവൻ താരങ്ങളായ ഉദാന്ത സിങ്, കാൾ മക്ഹഗ് എന്നിവർ മികച്ച പ്രകടനം നടത്തി. ആദ്യ പകുതി പിരിയും മുമ്പ് തന്നെ സാദിക്കുവിലൂടെ ഒരു ​ഗോളിന് മുന്നിലെത്താനും ​ഗോവയ്ക്ക് കഴിഞ്ഞു. എന്നാൽ രണ്ടാം പകുതി ജംഷഡ്‍പൂരിന്റെ തിരിച്ചടിയ്ക്കുള്ളതായിരുന്നു.

മത്സരം അവസാനിക്കാൻ 15 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ജംഷഡ്‍പൂര്‍ എഫ് സി സമനില പിടിച്ചത്. പിന്നാലെ ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി സമനിലയിൽ പിരിയുമെന്ന് തോന്നിയപ്പോൾ ജംഷഡ്‍പൂര്‍ രണ്ടാം ​ഗോൾ വലയിലാക്കി. ഇത്തവണ ജോർദാൻ മറൈയാണ് ഖാലിദ് ജമീൽ പരിശീലകനായ ടീമിനായി ​ഗോൾവല ചലിപ്പിച്ചത്. അവശേഷിച്ച മൂന്ന് മിനിറ്റിൽ സമനില പിടിക്കാനുള്ള ശ്രമങ്ങൾ ​ഗോവ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ ജംഷഡ്‍പൂര്‍ ​ഗോവയ്ക്കെതിരെ വിജയം നേടി.

dot image
To advertise here,contact us
dot image