'മുഹമ്മദ് സിറാജ് എവിടെ?'; ഗംഭീറിനോടും ശുഭ്മാന്‍ ഗില്ലിനോടും നിര്‍ണ്ണായക ചോദ്യവുമായി രവി ശാസ്ത്രി

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്താത്തതില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്

'മുഹമ്മദ് സിറാജ് എവിടെ?'; ഗംഭീറിനോടും ശുഭ്മാന്‍ ഗില്ലിനോടും നിര്‍ണ്ണായക ചോദ്യവുമായി രവി ശാസ്ത്രി
dot image

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത് ക്രിക്കറ്റ് ലോകത്തെ നിരവധി വിദഗ്ധരെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യ നാല് ഫാസ്റ്റ് ബൗളര്‍മാരെ കളിപ്പിച്ചിട്ടും, നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമായ സിറാജിനെ പുറത്തിരുത്തുകയായിരുന്നു. അതേസമയം, തുടക്കത്തില്‍ ന്യൂസീലന്‍ഡിനെ 70/5 എന്ന നിലയിലേക്ക് തള്ളിവിട്ടതോടെ ഈ തീരുമാനം ശരിയാണെന്ന് തോന്നിപ്പിച്ചു. എന്നാല്‍ ഒന്നാം ദിനം പിന്നീട് വിക്കറ്റുകളൊന്നും നഷ്ടപ്പെടുത്താതെ കിവീസ് ശക്തമായി തിരിച്ചുവരികയും കളി നിര്‍ത്തുമ്പോള്‍ 243/5 എന്ന നിലയിലേക്ക് ഇന്നിംഗ്സ് കെട്ടിപ്പടുക്കുകയും ചെയ്തു. ഇതോടെയാണ് സിറാജിന്റെ സാന്നിധ്യം ആവശ്യമായിരുന്നെന്ന് പറഞ്ഞ് പലരും രംഗത്തെത്തിയത്.

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവും മുന്‍ മുഖ്യ പരിശീലകനുമായ രവി ശാസ്ത്രി, സിറാജിനെ ഒഴിവാക്കിയതിലുള്ള തന്റെ ഞെട്ടല്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പ്രകടിപ്പിക്കുകയും, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. 'ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ വേഗതയും മികവും സീം മൂവ്മെന്റുമായിരുന്നു മാനദണ്ഡമെങ്കില്‍, 140 കിലോമീറ്റര്‍ വേഗത കണ്ടെത്താന്‍ പ്രയാസമായിരുന്ന സാഹചര്യത്തില്‍, ഒരാള്‍ ഈ ചോദ്യം ചോദിച്ചേ മതിയാകൂ. മുഹമ്മദ് സിറാജ് എവിടെ? അനുഭവസമ്പത്ത്, ആക്രമണോത്സുകത, പന്തുകൊണ്ട് കളി തിരിക്കാനുള്ള കഴിവ്. തീര്‍ച്ചയായും അതിനൊക്കെ എന്തെങ്കിലും വിലയുണ്ടാകും!' ശാസ്ത്രി തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചു. കഴിഞ്ഞദിവസം സുനില്‍ ഗാവസ്‌കറും സിറാജിനെ ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്തിരുന്നു. മത്സരത്തിന് മുന്നോടിയായി സംസാരിക്കവെ, ടെസ്റ്റ് ക്രിക്കറ്റില്‍ സിറാജ് അവസാനമായി ഇന്ത്യയെ നിരാശപ്പെടുത്തിയത് എപ്പോഴാണെന്ന് തനിക്ക് ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ലെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി.


കഴിഞ്ഞ ആഴ്ച നടന്ന അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യയ്ക്ക് 3-1ന് പരമ്പര നേടിക്കൊടുത്തതിന് പിന്നാലെ സിറാജിനെ ഒഴിവാക്കിയത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ടീം മാനേജ്‌മെന്റിന്റെ ഈ തീരുമാനത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഗവാസ്‌കര്‍, സിറാജ് ഒരിക്കലും ഇന്ത്യയെ നിരാശപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞു. 'ടെസ്റ്റ് ടീമിനൊപ്പം നേരത്തെ ചേരാതിരുന്നപ്പോള്‍ തന്നെ ചില സൂചനകളുണ്ടായിരുന്നു. അവസാന ഏകദിനത്തില്‍ കളിച്ചപ്പോള്‍ അദ്ദേഹത്തെ ടെസ്റ്റിലും കളിപ്പിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഇതൊരു വലിയ ആശ്ചര്യമായിപ്പോയി. അദ്ദേഹം ഇന്ത്യയെ നിരാശപ്പെടുത്തിയതായി ഞാന്‍ കരുതുന്നില്ല. അദ്ദേഹം ഒരിക്കലും ഇന്ത്യയെ നിരാശപ്പെടുത്തിയിട്ടില്ല' -ടോസിന് ശേഷം ഗവാസ്‌കര്‍ പറഞ്ഞു.

content highlights: 'Where Was Mohammed Siraj?': Ravi Shastri Questions Gautam Gambhir and Shubman Gill Over Pacer's Omission

dot image
To advertise here,contact us
dot image