ചരിത്രം കുറിച്ച് പാട്ടിദാര്‍; 41 പന്തില്‍ സെഞ്ചുറി നേടി സ്വന്തമാക്കിയത് ചരിത്ര റെക്കോഡ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അസമിനെതിരായ മത്സരത്തിലാണ് പാട്ടിദാറിന്റെ റെക്കോഡ് നേട്ടം

ചരിത്രം കുറിച്ച് പാട്ടിദാര്‍; 41 പന്തില്‍ സെഞ്ചുറി നേടി സ്വന്തമാക്കിയത് ചരിത്ര റെക്കോഡ്
dot image

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അസമിനെതിരായ മത്സരത്തില്‍ 41 പന്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി ചരിത്രം കുറിച്ച് മധ്യപ്രദേശ് ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍. ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ താരമാണ് അദ്ദേഹം. തിങ്കളാഴ്ചയാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ചുറി നേടുന്ന ആദ്യ മധ്യപ്രദേശ് താരമായി പാട്ടിദാര്‍ മാറിയത്. വെറും 41 പന്തുകളിലാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ഏകദിന ടീമിലേക്കുള്ള ക്ഷണം നിരസിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മുല്ലന്‍പൂരിലെ ന്യൂ പിസിഎ സ്റ്റേഡിയത്തില്‍ അസമിനെതിരെ പാട്ടിദാര്‍ ഈ വെടിക്കെട്ട് സെഞ്ചുറി നേടിയത്.

അഞ്ചാമനായി ക്രീസിലെത്തിയ പാട്ടിദാര്‍ 15-ാം ഓവര്‍ അവസാനിക്കുമ്പോള്‍ 24 പന്തില്‍ 48 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍ അവസാന അഞ്ച് ഓവറുകളില്‍ തകര്‍ത്തടിച്ച താരം 24 പന്തില്‍ 87 റണ്‍സ് വാരിക്കൂട്ടി സെഞ്ചുറിയിലേക്ക് കുതിച്ചു. 240-ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ പിറന്ന ഈ സെഞ്ചുറിയില്‍ 13 കൂറ്റന്‍ സിക്സറുകളും എട്ട് ഫോറുകളും ഉള്‍പ്പെടുന്നു. ഒരു സയ്യിദ് മുഷ്താഖ് അലി ട്രോഫി ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന മധ്യപ്രദേശ് താരമെന്ന പുതിയ റെക്കോര്‍ഡും ഈ 13 സിക്സറുകളോടെ പാട്ടിദാര്‍ സ്വന്തമാക്കി. 48 പന്തില്‍ 135 റണ്‍സുമായി പാട്ടിദാര്‍ പുറത്താകാതെ നിന്നതോടെ മധ്യപ്രദേശ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെടുത്തു.

2022 ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി നേടിയ പുറത്താകാതെയുള്ള 112 റണ്‍സിന് ശേഷം പാട്ടിദാറിന്റെ രണ്ടാമത്തെ മാത്രം ടി-20 സെഞ്ചുറിയാണിത്. നിലവില്‍ പരിക്ക് ചൂണ്ടിക്കാട്ടിയാണ് പാട്ടിദാര്‍ ഇന്ത്യ എ ടീമില്‍ നിന്ന് സ്വയം പിന്മാറിയത്. കഴിഞ്ഞ വര്‍ഷം മുതല്‍ ടി-20 ഫോര്‍മാറ്റിലെ ഏറ്റവും ശക്തരായ താരങ്ങളിലൊരാളായി മാറിയ പാട്ടിദാര്‍, ഐപിഎല്ലില്‍ ആര്‍സിബിയെ തുടര്‍ച്ചയായ കിരീട വിജയങ്ങളിലേക്കും നയിച്ചിരുന്നു.

content highlights: Rajat Patidar Creates History with Blistering 41-Ball Century in Syed Mushtaq Ali Trophy

dot image
To advertise here,contact us
dot image