SIR വിവാദം: ECIയോട് ഔദ്യോഗികമായി ചോദ്യങ്ങൾ ഉന്നയിക്കാൻ അനുമതി തേടി ഇൻഡ്യ സഖ്യം സുപ്രീം കോടതിയിൽ

INDIA സഖ്യം സുപ്രീം കോടതിയിൽ 48 ചോദ്യങ്ങൾ സമർപ്പിച്ചു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണ‍ർക്കെതിരെ

SIR വിവാദം: ECIയോട് ഔദ്യോഗികമായി ചോദ്യങ്ങൾ ഉന്നയിക്കാൻ അനുമതി തേടി ഇൻഡ്യ സഖ്യം സുപ്രീം കോടതിയിൽ
dot image

ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ (SIR) നടപടിക്കെതിരായ ഹർജികളിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഔദ്യോഗികമായി ചോദ്യങ്ങൾ ഉന്നയിക്കാൻ അനുമതി തേടി ഇൻഡ്യ സഖ്യം സുപ്രീം കോടതിയെ സമീപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരോടും തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥരോടും വിശദീകരണം തേടുന്നതിനാണ് പ്രതിപക്ഷം 48 ചോദ്യങ്ങൾ സമർപ്പിച്ചത്. നിലവിലെ നടപടികളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ സമർപ്പിച്ച മറുപടിയിൽ ആവശ്യമായ വസ്തുതകളും അനുബന്ധ രേഖകളും ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എസ്‌ഐആർ നടപടികളുമായി ബന്ധപ്പെട്ട വിവിധ തീരുമാനങ്ങൾ എങ്ങനെയാണ് കൈക്കൊണ്ടതെന്നും അവയ്ക്ക് ആരാണ് അനുമതി നൽകിയതെന്നും വ്യക്തമാക്കാൻ ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിൽ മറുപടി ലഭിക്കേണ്ടതുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

എസ്‌ഐആർ നടപടികളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടായിട്ടാണോ എടുത്തത്, അതോ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊണ്ടതാണോ എന്നതാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ചോദ്യം. മറ്റ് രണ്ട് കമ്മീഷണർമാർ തീരുമാനങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടോ എന്നതിലും വ്യക്തത തേടുന്നുണ്ട്. 2025-ൽ രാജ്യവ്യാപകമായി എസ്‌ഐആർ നടപ്പാക്കാൻ തീരുമാനിച്ചത് ആരാണെന്നും തീരുമാനം എപ്പോൾ ഏത് ഔദ്യോഗിക നടപടിക്രമത്തിലൂടെയാണ് അംഗീകരിച്ചതെന്ന ചോദ്യവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫയൽ നമ്പറുകൾ, തീരുമാനമെടുത്ത തീയതികൾ, യോഗങ്ങളിലൂടെയാണോ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയാണോ അംഗീകാരം നൽകിയതെന്ന വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

ഫോം 6-ലെ മാറ്റങ്ങളെയും പ്രതിപക്ഷം ചോദ്യമുനയിൽ നിർത്തുന്നുണ്ട്. പുതിയ വോട്ടർമാരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള ഫോം 6-ൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും പ്രതിപക്ഷം വിശദീകരണം തേടിയിട്ടുണ്ട്. ഓൺലൈൻ അപേക്ഷയിൽ അധിക പ്രഖ്യാപനം (Declaration) ഉൾപ്പെടുത്താൻ തീരുമാനിച്ചത് ആരാണെന്നും അതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചിരുന്നോ എന്നുമാണ് പ്രധാന ചോദ്യം. പ്രഖ്യാപനമോ ആവശ്യമായ വിവരങ്ങളോ സമർപ്പിക്കാത്തതിന്റെ പേരിൽ എത്ര അപേക്ഷകൾ നിരസിച്ചു എത്ര അപേക്ഷകൾ നടപടിയെടുക്കാതെ മാറ്റിവെച്ചു തുടങ്ങിയ വിവരങ്ങളും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

വോട്ടർപട്ടിക തയ്യാറാക്കുന്നതിനും പരിഷ്‌കരിക്കുന്നതിനുമായി ഉപയോഗിക്കുന്ന ഡിജിറ്റൽ സംവിധാനങ്ങളായ ECINET, ERONET എന്നിവയുടെ പ്രവർത്തനവും നിയന്ത്രണവും സംബന്ധിച്ചും പ്രതിപക്ഷം ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഈ സംവിധാനങ്ങളുടെ രൂപകൽപ്പനയ്ക്കും പ്രവർത്തനത്തിനും അംഗീകാരം നൽകിയത് ആരാണെന്നും വോട്ടർപട്ടികയിലെ വിവരങ്ങൾ കൂട്ടത്തോടെ മാറ്റുന്നതിനോ തിരുത്തുന്നതിനോ ആരൊക്കെയാണ്അ ധികാരപ്പെടുത്തിയിട്ടുള്ളതെന്നും വ്യക്തമാക്കണമെന്നാണ് ആവശ്യം. വോട്ടർ വിവരങ്ങളിൽ വരുത്തുന്ന ഓരോ മാറ്റവും ആരാണ് നടത്തിയത്, എപ്പോൾ നടത്തി, അതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഉത്തരവുണ്ടായിരുന്നോ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുന്ന ഓഡിറ്റ് സംവിധാനത്തെക്കുറിച്ചും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്കോ കരാർ ജീവനക്കാർക്കോ വോട്ടർപട്ടികയിലെ വിവരങ്ങൾ തിരുത്താൻ പ്രത്യേക അധികാരം നൽകിയിരുന്നോ എന്നും ചോദ്യമുണ്ട്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും മറ്റ് രണ്ട് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും തമ്മിൽ എസ്‌ഐആർ സംബന്ധിച്ച തീരുമാനങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നോ എന്നതിലും പ്രതിപക്ഷം വ്യക്തത തേടിയിട്ടുണ്ട്. 2025 ഫെബ്രുവരി 19 മുതൽ 2026 ഒക്ടോബർ 26 വരെ എസ്‌ഐആർ, ECINET, ഫോം 6, അപ്പീലുകൾ തുടങ്ങിയ വിഷയങ്ങളിൽ മറ്റ് രണ്ട് കമ്മീഷണർമാർ എത്ര തവണ വിയോജിപ്പോ എതിർപ്പോ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ചോദ്യം. അത്തരം തീരുമാനങ്ങൾ ഭൂരിപക്ഷാടിസ്ഥാനത്തിലാണോ ഏകകണ്ഠമായാണോ അംഗീകരിച്ചതെന്നും ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഔദ്യോഗിക ഇ-മെയിൽ, വ്യക്തിഗത ഇ-മെയിൽ, വാട്സ്ആപ്പ് തുടങ്ങിയ സംവിധാനങ്ങളിലൂടെ അംഗീകാരം തേടിയിട്ടുണ്ടോ എന്നതിലും പ്രതിപക്ഷം വിശദീകരണം ആവശ്യപ്പെടുന്നുണ്ട്. പശ്ചിമ ബംഗാളിൽ വോട്ടർപട്ടികയിൽ പേരുകൾ ഉൾപ്പെടുത്താൻ ജുഡീഷ്യൽ ഉദ്യോഗസ്ഥർ പുറപ്പെടുവിച്ച ഉത്തരവുകൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനോ അതിന്റെ ഉദ്യോഗസ്ഥരോ എത്ര അപ്പീലുകൾ നൽകിയിട്ടുണ്ടെന്നും ആരാണ് അവയ്ക്ക് അനുമതി നൽകിയതെന്നും പ്രതിപക്ഷം ചോദിക്കുന്നുണ്ട്. അപ്പീലുകൾ സമർപ്പിക്കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങളും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കണമെന്നുമുള്ള ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്.

ഗോവയിലെ 97 വോട്ടർമാരുമായി ബന്ധപ്പെട്ട വിഷയത്തിലും വിശദീകരണം തേടിയിട്ടുണ്ട്. ഇതിൽ ഫോം 6 സമർപ്പിച്ച 88 പേരിൽ എത്രപേരുടെ പേരുകളാണ് പഴയ വോട്ടർപട്ടികയിൽ പുനഃസ്ഥാപിച്ചതെന്നും എത്രപേരെ പുതിയതായി ഉൾപ്പെടുത്തിയെന്നും വ്യക്തമാക്കണമെന്നുമാണ് ആവശ്യം. എസ്‌ഐആറിന് മുമ്പുള്ള വോട്ടർപട്ടിക, കരട് പട്ടിക, അന്തിമ പട്ടിക എന്നിവ തമ്മിൽ താരതമ്യം ചെയ്ത് ഓരോ സംസ്ഥാനത്തും എത്ര വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയെന്നും മരണം, താമസം മാറൽ, കണ്ടെത്താനാകാത്തവർ, ഇരട്ടിപ്പുകൾ, അയോഗ്യത തുടങ്ങിയ കാരണങ്ങൾ തിരിച്ചുള്ള കണക്കുകളും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സുപ്രീം കോടതിയിൽ ഒക്ടോബർ 26-ന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ എസ്‌ഐആറുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന ഉത്തരവുകളും മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും ഏകകണ്ഠമായാണ് അംഗീകരിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഫോം 6 ഭേദഗതി ചെയ്തിട്ടില്ലെന്നും അധിക പ്രഖ്യാപനം പ്രത്യേക രേഖ മാത്രമാണെന്നും കമ്മീഷൻ വിശദീകരിച്ചിരുന്നു. ഈ വാദങ്ങളുടെ അടിസ്ഥാനവും അനുബന്ധ ഔദ്യോഗിക രേഖകളും പരിശോധിക്കാനാണ് 48 ചോദ്യങ്ങളിലൂടെ പ്രതിപക്ഷം ശ്രമിക്കുന്നത്. ഹർജികൾ നവംബർ 17-ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കം.

Content Highlights: The INDIA bloc has approached the Supreme Court seeking permission to formally raise questions with the Election Commission of India over the ongoing controversy surrounding the Special Intensive Revision (SIR) of electoral rolls

dot image
To advertise here,contact us
dot image