

രാജ്യത്ത് 15 വയസിന് മുകളിൽ ഉള്ളവരിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവെന്ന് റിപ്പോർട്ട്. സെപ്റ്റംബറിൽ 5.2% ഉണ്ടായിരുന്നയിടത്തുനിന്ന് ഒക്ടോബറിൽ 4.9% ആയാണ് കുറഞ്ഞത്. നഗരമേഖലകളിൽ തൊഴിലില്ലായ്മ കുറഞ്ഞതാണ് ചെറുതെങ്കിലും നില മെച്ചപ്പെടാൻ കാരണം.
ഏറ്റവും പുതിയ പീരിയോഡിക് ലേബർ സർവേയിലാണ് ഈ വിവരങ്ങൾ ഉള്ളത്. രാജ്യത്ത് വനിതകൾക്ക് തൊഴിൽ ലഭിക്കുന്നത് വർധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. നഗരമേഖലയിലെ തൊഴിലില്ലായ്മ നിരക്ക് സെപ്റ്റംബറിൽ 6.9% ആയിരുന്നു. ഒക്ടോബറിൽ അത് 6.7% ആയി കുറഞ്ഞു. ഗ്രാമമേഖലകളിലെ തൊഴിലില്ലായ്മ നിരക്കിൽ മാറ്റമില്ല. 4.2 ശതമാനത്തിൽ തുടരുകയാണ്.
വർഷക്കണക്ക് നോക്കുമ്പോൾ നഗരമേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് 7 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി താഴ്ന്നു. ഗ്രാമമേഖലയിലെ തൊഴിലില്ലായ്മ 4.4 ശതമാനത്തിൽ നിന്ന് 4.2 ശതമാനമായി താഴ്ന്നു. രാജ്യത്തെ തൊഴിൽ മേഖലകളിൽ വനിതകളുടെ സാന്നിധ്യം വർധിക്കുന്നുവെന്ന നിരീക്ഷണവും റിപ്പോർട്ട് പറയുന്നുണ്ട്. സെപ്റ്റംബറിൽ 34.6% ആയിരുന്ന വനിതകളുടെ തൊഴിൽ സാന്നിധ്യ നിരക്ക് 35% ആയി വർധിക്കുകയാണ് ചെയ്തത്.
സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിലും കുറവുണ്ടായിട്ടുണ്ട്. സെപ്റ്റംബറിൽ 5.2% ഉണ്ടായിരുന്നയിടത്തുനിന്ന് ഒക്ടോബറിൽ 5 ശതമാനമായാണ് താഴ്ന്നത്. ഗ്രാമമേഖലയിലെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 3.8% ആണ്. 2026ലെ ഏറ്റവും കുറവ് നിരക്കിലാണ് തൊഴിലില്ലായ്മ എത്തിനിൽക്കുന്നത്. നഗരമേഖലയിലെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 9.2 ശതമാനത്തിൽ നിന്ന് 8 .7 ശതമാനത്തിലെത്തി.
Content Highlights: India's unemployment rate among people aged 15 and above declined from 5.2% in September to 4.9% in October, driven by improving urban employment conditions.