

അണ്ടർ-19 ഏഷ്യാകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യൻ ടീം നടത്തിയ ആവേശകരമായ ആഘോഷത്തെക്കുറിച്ച് പ്രതികരണവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ശനിയാഴ്ച നടന്ന ആവേശകരമായ ഫൈനലിൽ അവസാന പന്തിൽ ഒരു വിക്കറ്റ് ശേഷിക്കെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. അവസാന പന്തിൽ ജയിക്കാൻ മൂന്നു റൺസ് വേണ്ടിയിരിക്കെ, മോഹിത് ഉൽവ നേടിയ ബൗണ്ടറിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
വിജയനിമിഷത്തിൽ ഇന്ത്യൻ താരങ്ങളുടെ ആവേശം അണപൊട്ടിയൊഴുകി. വിജയറൺ നേടിയതിന് പിന്നാലെ താരങ്ങളെല്ലാം മൈതാനത്തേക്ക് ഓടിയെത്തി ആവേശത്തോടെ വിജയം ആഘോഷിച്ചു. എന്നാൽ പാക്കിസ്ഥാനെതിരായ വിജയങ്ങൾ ഇത്തരത്തിൽ ആഘോഷിക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്നും പകരം തുല്യശക്തികളായ ടീമുകളുമായി ഏറ്റുമുട്ടണമെന്നും മഞ്ജരേക്കർ അഭിപ്രായപ്പെട്ടു.
‘‘മൈതാനത്ത് ‘ആക്രമണോത്സുകത’ പ്രകടിപ്പിക്കാനാണ് ആഗ്രഹമെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ഇനി സ്വന്തം നിലവാരത്തിനൊത്ത എതിരാളികളെ തിരഞ്ഞെടുക്കണം. പാക്കിസ്ഥാൻ ഇപ്പോൾ അനായാസം കീഴടക്കാവുന്ന ദുർബലമായ എതിരാളിയാണ്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകളെയാണ് ഞാൻ നിർദേശിക്കുന്നത്.’ അദ്ദേഹം എക്സിൽ കുറിച്ചു.
അതേസമയം, കിരീടനേട്ടത്തിനു പിന്നാലെ ഇന്ത്യ നടത്തിയ ആഘോഷപ്രകടനങ്ങൾക്കെതിരെ ചില കോണുകളിൽനിന്നു വിമർശനവും ഉയർന്നിരുന്നു. ആഘോഷങ്ങൾ അതിരുകടന്നെന്നാണ് ആരോപണം. എന്നാൽ ഇതിനു മറുപടിയുമായി ബിസിസിഐ രംഗത്തെത്തി. ആവേശകരവും നിർണായകവുമായ മത്സരങ്ങളിൽ താരങ്ങളുടെ വികാരങ്ങൾ നിയന്ത്രണാതീതമാകുന്നത് സ്വാഭാവികമാണെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ചൂണ്ടിക്കാട്ടി.
content highlights: why so much hype only against pakistan sanjay manjrekar criticizes ind vs pak craze