നീണ്ട ഇടവേളയ്ക്ക് ശേഷം പൊതുവേദിയിലെത്തി യേശുദാസ്; പാട്ടിനായി കാതോർത്ത് മലയാളികൾ

നീണ്ട ഇടവേളയ്ക്ക് ശേഷം യേശുദാസിന്റെ ശബ്ദം വീണ്ടും വേദിയിൽ

നീണ്ട ഇടവേളയ്ക്ക് ശേഷം പൊതുവേദിയിലെത്തി യേശുദാസ്; പാട്ടിനായി കാതോർത്ത് മലയാളികൾ
dot image

ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം കെ ജെ യേശുദാസ് വീണ്ടും വേദിയിലെത്തി. അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഓണാഘോഷത്തിൽ പങ്കെടുക്കാനാണ് മലയാളികളുടെ പ്രിയ ഗായകൻ നേരിട്ടെത്തിയത്. കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ നേതൃത്വത്തിൽ ലൂയിസ് വില്ലയിലെ എൻടെക് അരീനയിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം.

അടുത്ത കാലത്തായി യേശുദാസ് പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കോവിഡ് മഹാമാരിയുടെ കാലയളവിന് ശേഷം അമേരിക്കയിലെ ഡാലസിലാണ് അദ്ദേഹം കൂടുതലായും സമയം ചെലവഴിക്കുന്നത്. അതിനാൽ അദ്ദേഹത്തെ നേരിൽ കാണാനും ശബ്ദം കേൾക്കാനും ലഭിച്ച അവസരം പരിപാടിയിൽ പങ്കെടുത്തവർ ആവേശത്തോടെയാണ് സ്വീകരിച്ചത്.

ചടങ്ങിനിടെ സദസ്സുമായി ആശയങ്ങൾ പങ്കുവച്ച യേശുദാസ് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെക്കുറിച്ചും സംസാരിച്ചു. വ്യത്യസ്ത മതവിഭാഗങ്ങൾ തമ്മിലുള്ള സൗഹൃദമാണ് കേരളത്തിന്റെ വലിയ പ്രത്യേകതകളിലൊന്നെന്ന് അദ്ദേഹം പറഞ്ഞു. ഈ ഐക്യം വരും തലമുറകളിലേക്കും കൈമാറാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് യേശുദാസ് ഒരു ഗാനം കൂടി അവതരിപ്പിച്ചു. പ്രായത്തെ മറികടക്കുന്ന ആലാപനമികവിന് സാക്ഷിയാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു സദസ്സ്. ഏറെക്കാലത്തിന് ശേഷം അദ്ദേഹത്തിന്റെ ശബ്ദം വേദിയിൽ നേരിട്ട് കേൾക്കാനായത് ആരാധകർക്ക് വേറിട്ട അനുഭവമായി.

തന്റെ സംഗീതജീവിതത്തെക്കുറിച്ചും യേശുദാസ് ചടങ്ങിൽ സംസാരിച്ചു. "1960-മുതൽ നിങ്ങളെന്നെ വളർത്തി. അതിനിയും നിന്നിട്ടില്ല. സംഗീതത്തിന്റെ ആ സമുദ്രത്തെ ഉൾക്കൊള്ളാൻ എന്റെ ഈ ജന്മം പോരാ എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. തീർച്ചയായും നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവുമാണ് എന്നെ ഇവിടെ നിലനിർത്തുന്നത്. എന്നോട് അധികം സംസാരിക്കേണ്ട എന്നാണ് എന്റെയച്ഛൻ എന്നോട് പറഞ്ഞിട്ടുള്ളത്. അതിന്റെ തുടർച്ചയെന്നോണം ആര് എപ്പോൾ കണ്ടാലും പാട്ടുപാടാൻ പറയും. അതിന് കാരണം ജ്ഞാനവും കലാബോധവുമുള്ള സഹോദരീ സഹോദരന്മാരുടെ അനുഗ്രഹമാണ്." യേശുദാസിന്റെ വാക്കുകൾ.

യേശുദാസിന്റെ വേദിയിലേക്കുള്ള തിരിച്ചുവരവിനെ ഗായകൻ ബിജു നാരായണനും സന്തോഷത്തോടെ സ്വീകരിച്ചു. 86-ാം വയസ്സിലും അദ്ദേഹത്തിന്റെ ആലാപനത്തിലെ ഭംഗി നിലനിൽക്കുന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണെന്ന് ബിജു നാരായണൻ പറഞ്ഞു. ഗായകനെന്ന നിലയിലും മലയാളിയെന്ന നിലയിലും ഈ അവസരം ഏറെ അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: K J Yesudas made a rare public appearance at an Onam celebration organized by the Kerala Association of Dallas. The legendary singer captivated American Malayalis with music and reflections, marking a memorable evening for the community.

dot image
To advertise here,contact us
dot image